ന്യൂദല്‍ഹി- അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തു വരുന്ന തെരഞ്ഞെടുപ്പു ഫലങ്ങള്‍ ബിജെപിക്ക് വ്യക്തമായ സൂചന നല്‍കുന്നതാണെന്നും അവര്‍ ആത്മപരിശോധന നടത്തേണ്ടത് ആവശ്യാമെന്നും ശിവ സേന പ്രതികരിച്ചു. ബിജെപിയുടെ വിജയരഥം തടയപ്പെട്ടിരിക്കുന്നുവെന്നാണ് ഫലങ്ങള്‍ കാണിക്കുന്നതെന്ന് ശിവസേന വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു. ഇത് ഞങ്ങള്‍ക്ക് സ്വയം പരിശോധിക്കാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന്റെ ഭാഗമാണെങ്കിലും ശിവ സേന ബിജെപിയുമായി ഉരസലിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി. 2014ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുകയും പിന്നീട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്കൊപ്പം കൂടുകയമായിരുന്നു ശിവ സേന.