- കോണ്‍ഗ്രസ് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മത്സരിച്ച രണ്ടിടത്തും തോറ്റത് വലിയ തിരിച്ചടിയായി.
ഐസ്വാള്‍- വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടമുളള ഏക ദേശീയ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസിനെ അവസാന സംസ്ഥാനവും കൈവിട്ടു. മിസോറാമില്‍ പത്തു വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് ബദ്ധവൈരികയളായ മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്) ആണ് തടയിട്ടത്. ബി.ജെ.പി സഖ്യകക്ഷിയാണ് എം.എന്‍.എഫ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എം.എന്‍.എഫ് 22 സീറ്റില്‍ മുന്നേറുന്നു. കോണ്‍ഗ്രസിന് ആറു സീറ്റില്‍ മാത്രമെ മുന്നേറാനായുള്ളൂ. 40 അംഗ സഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായി ഭുരപക്ഷം എം.എന്‍.എഫ് ഉറപ്പാക്കിക്കഴിഞ്ഞു. രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞെങ്കിലും മിസോറാമിലേത് വലിയ നാണക്കേടായി. ചംഫായ് സൗത്ത്, സെര്‍ചിപ് എന്നീ മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല രണ്ടിടത്തും തോറ്റത് വലിയ തിരിച്ചടിയായി. ചംഫായിലില്‍ എംഎന്‍എഫ് സ്ഥാനാര്‍ത്ഥി ടി.ജെ ലല്‍നുന്‍തുലന്‍ഗയും സെര്‍ചിപിലില്‍ സോറാം പീപ്പ്ള്‍സ് മൂവ്‌മെന്റ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ലാല്‍ഡുഹോമയുമാണ് മുഖ്യമന്ത്രിയെ തോല്‍പ്പിച്ചത്. 2008 മുതല്‍ മിസോറാം മുഖ്യമന്ത്രിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ 76കാരന്‍ തന്‍ഹാവ്‌ല. മിസോറാമില്‍ അഞ്ചു ടേമുകളില്‍ മുഖ്യമന്ത്രിയായ റെക്കോര്‍ഡുമുണ്ട്.
മുഖ്യപ്രതിപക്ഷമായ എംഎല്‍എഫ് കേന്ദ്രത്തില്‍ ബി.ജെ.പിയുടെ സഖ്യ കക്ഷിയാണ്. 10 വര്‍ഷമായി അധികാരത്തിനു പുറത്തുള്ള ഇത്തവണ ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. മിസോറാമില്‍ ഒരു സര്‍ക്കാരും 10 വര്‍ഷത്തില്‍ അധികം കാലം തുടര്‍ച്ചായായി ഭരിച്ച ചരിത്രമില്ല. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുടേയും പിന്തുണ ആവശ്യമില്ലെന്നും എംഎന്‍എഫ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ സോറാംതംഗ പറഞ്ഞു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും വെട്ടിപ്പിടിച്ച ബി.ജെ.പിയുടെ അവസാന ലക്ഷ്യമായിരുന്നു മിസോറാം. ഈ തെരഞ്ഞെടുപ്പോടെ ഇവിടേയും കോണ്‍ഗ്രസിനെ തറപ്പറ്റിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന പേരില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളെ കൂട്ടു പിടിച്ചായിരുന്നു ബി.ജെ.പിയുടെ മുന്നേറ്റം. മിസോറാമിലെ ഫലം കുടി വന്നതൊടെ കോണ്‍ഗ്രസ് എല്ലായിടത്തു നിന്നും അധികാരത്തില്‍ നിന്ന് പുറത്തായി.