മഥുര- ബുലന്ദ്ശഹര്‍ കലാപത്തിലേക്കു നയിച്ചതിനു സമാന രീതിയില്‍ പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ മധുരയില്‍ രണ്ടു ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥ. പോലീസിനു ലഭിച്ച ഫോണ്‍ വിളിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മഥുരയിലെ ഭിശംഭര മേഖലയിലെ ഒരു വയലില്‍ ആണ് പശുമാംസം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ഈ സ്ഥലം രണ്ടു ഗ്രാമങ്ങളുടെ അയല്‍പ്രദേശമാണ്. സംഭവത്തെ തുടര്‍ന്ന് രണ്ടു ഗ്രാമങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പോലീസ് സന്നാഹത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
മുസ്ലിമായ ഒരാളുടെ വയലിലാണ് പശുവിന്റെ ജഡാവശിഷ്ടം കണ്ടെത്തിയത്. ഇത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. ഷേര്‍നഗര്‍ സ്വദേശി വിരേന്ദ്ര കുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തിരിച്ചറിയാത്ത ഒരു സംഘം ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ച പോലീസ് മൂന്ന് മുസ്ലിം യുവാക്കളുടെ പേര് കേസിലുള്‍പ്പെടുത്തി. ഇവരെ അറസ്റ്റ് ചെയ്തു. പരാതിക്കാരനായ വിരേന്ദ്ര കുമാര്‍ ബി.ജെ.പി നേതാവാണ്. പശുവിനെ കശാപ്പു ചെയ്യുന്നത് താന്‍ കണ്ടുവെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. കശാപ്പുകാര്‍ തനിക്കു നേരെ വെടിയുതിര്‍ത്തെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ വെടി വെയ്പ്പ് നടന്നതായി തെളിവുകളില്ലെന്ന് വ്യക്തമാക്കിയ പോലീസ് ഇതു തള്ളി.
ബുലന്ദ്ശഹറില്‍ പോലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങിന്റെ മരണത്തിനിടയാക്കിയ കലാപവും സമാന രീതിയിലായിരുന്നു തുടക്കം. പശുവിനെ കശാപ്പു ചെയ്യുന്നത് കണ്ടെന്നു കാണിച്ച് ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്രംഗ് ദള്‍ നേതാവ് യോഗേഷ് രാജ് പരാതി നല്‍കിയതിനു പിന്നാലെയാണ് കലാപം ഉണ്ടായത്. സംഘര്‍ഷത്തിനിടെ പോലീസിനെ വെടിവച്ചു കൊന്ന കേസില്‍ ഇയാള്‍ മുഖ്യപ്രതിയാണ്. ബജ്രംഗ്ദള്‍, ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ബുലന്ദ്ശഹറിലും കലാപം അഴിച്ചു വിട്ടത്. ഇവിടെ കണ്ടെത്തിയ പശുവിന്റെ ജഡാവശിഷ്ടങ്ങളെ സംബന്ധിച്ച അന്വേഷണം എവിടെയും എത്തിയിട്ടില്ല. എങ്ങിനെ ഇത് ഇവിടെ എത്തി എന്ന് ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല.