Sorry, you need to enable JavaScript to visit this website.

നാലു മാസം നീണ്ട ശീതയുദ്ധം, ഒടുവിൽ രാജി

ന്യൂദൽഹി- ഇതൽപം നേരത്തെ ആവേണ്ടതായിരുന്നു എന്നാണ് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ രാജിയെക്കുറിച്ച് രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽനിന്ന് പൊതുവേ ഉയർന്ന പ്രതികരണം. കഴിഞ്ഞ നാല് മാസമായി കേന്ദ്ര സർക്കാരുമായി ശീതയുദ്ധത്തിലായിരുന്ന ഉർജിത് രാജിവെച്ചേക്കുമെന്ന ഊഹാപോഹം നേരത്തെ തന്നെ പ്രചരിച്ചിരുന്ന സാഹചര്യത്തിലായിരുന്നു അത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും വലിയ 'സാമ്പത്തിക വിപ്ലവ'മായ നോട്ട് അസാധുവാക്കലിന് ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ട ഉർജിത്, അതേ മോഡിയുമായി തെറ്റിയാണ് രാജ്യത്തെ കേന്ദ്ര ബാങ്കിന്റെ പടിയിറങ്ങുന്നത്. ഡിമോണിറ്റൈസേഷൻ പോലൊരു മണ്ടത്തരത്തിന് കൂട്ടുനിൽക്കാൻ തയാറാവാതെ മുൻ ഗവർണർ രഘുറാം രാജൻ റിസർവ് ബാങ്കിന്റെ തലപ്പത്ത് തന്റെ കാലാവധി അവസാനിപ്പിച്ചതിനു പിന്നാലെ അമേരിക്കയിലെ അധ്യാപന ജോലിയിലേക്ക് മടങ്ങിപ്പോയിരുന്നു. അംബാനിയുടെ റിലയൻസിൽ ഉന്നതോദ്യോഗസ്ഥനായിരുന്ന ഉർജിതാണ് പകരമെത്തിയത്. നോട്ട് അസാധുവാക്കലിന് എതിർപ്പൊന്നും പറഞ്ഞില്ലെങ്കിലും അതുമൂലം രാജ്യത്തുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥ മറികടക്കാൻ കേന്ദ്ര സർക്കാർ കുറുക്കുവഴി തേടിയപ്പോൾ മിണ്ടാതിരിക്കാൻ ഉർജിത്തിനും കഴിഞ്ഞില്ല. പൊതു തെരഞ്ഞെടുപ്പ് അടുത്തു വരവെ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് റിസർവ് ബാങ്കിന്റെ കരുതൽ ധനം വിട്ടുനൽകണമെന്ന സർക്കാരിന്റെ ആവശ്യത്തിന് സമ്മതം മൂളാൻ അദ്ദേഹം തയാറായില്ല. രണ്ടാഴ്ച മുമ്പ് മുംബൈയിൽ നടന്ന ആർ.ബി.ഐ ഡയറക്ടർ ബോർഡിന്റെ മാരത്തൺ യോഗത്തിൽ സർക്കാർ അനുകൂലികളായ പ്രതിനിധികൾക്കു മുന്നിൽ നിസ്സഹായനായി കീഴടങ്ങേണ്ടി വന്നെങ്കിലും, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ മാന്തുന്ന പരിപാടിക്ക് കൂട്ടുനിൽക്കാതെ ഒടുവിൽ അദ്ദേഹം പടിയിറങ്ങുകയാണ്.
കേന്ദ്ര സർക്കാരും ആർ.ബി.ഐയും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തു വരുന്നത് ഡപ്യൂട്ടി ഗവർണറും, ഉർജിത് പട്ടേൽ കഴിഞ്ഞാൽ രണ്ടാമനുമായ വിരാൽ ആചാര്യയുടെ ഒക്‌ടോബർ 26 ലെ പ്രസ്താവനയോടെയാണ്. കേന്ദ്ര ബാങ്കിന്റെ സ്വയംഭരണാവകാശത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നീക്കം രാജ്യത്ത് സാമ്പത്തിക ദുരന്തം വരുത്തിവെക്കുമെന്നാണ് അദ്ദേഹം ഒരു ചടങ്ങിൽ സംസാരിക്കവേ മുന്നറിയിപ്പ് നൽകിയത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും അദ്ദേഹം പറഞ്ഞു.
റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ മൂന്നര ലക്ഷം കോടിയോളം രൂപയാണ് ജനക്ഷേമ പദ്ധതികൾക്കായി കേന്ദ്രം ആവശ്യപ്പെടുന്നത്. പ്രധാനമായും ചെറുകിട, ഇടത്തരം സംരംഭകർക്ക് വായ്പ നൽകുന്നതിനാണിത്. ബി.ജെ.പിയുടെ വോട്ട് ബാങ്കായ ഇക്കൂട്ടർ നോട്ട് അസാധുവാക്കൽ നടപടി മൂലം ഏറ്റവും ബുദ്ധിമുട്ടിയവരാണ്. കൂടാതെ വായ്പ നൽകുന്ന കാര്യത്തിൽ രാജ്യത്തെ ബാങ്കുൾക്കു മേലുള്ള ചില ആർ.ബി.ഐ നിയന്ത്രണങ്ങൾ നീക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. രണ്ടിനും ഉർജിത് പട്ടേൽ തയാറായിരുന്നില്ല. ഇതേ തുടർന്ന് അറ്റകൈ പ്രയോഗമെന്ന നിലയിൽ റിസർവ് ബാങ്കിന് ഉത്തരവ് നൽകാൻ സർക്കാരിന് അധികാരം നൽകുന്ന ആർ.ബി.ഐ ചട്ടം ഏഴ് ഉപയോഗിക്കുമെന്ന ഘട്ടം വരെയെത്തി. എന്നാൽ മുമ്പ് ഒരു സർക്കാരും ഈ അധികാരം ഉപയോഗിച്ചിട്ടില്ലെന്ന് മുൻ ഗവർണർ ഡി.സുബ്ബറാവു തന്നെ പറയുന്നു.
യുദ്ധം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സമ്പദ്‌വ്യവസ്ഥക്ക് കരുത്ത് പകരാൻ ഉപയോഗിക്കേണ്ട കരുതൽ ധനശേഖരം സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നത് സാമ്പത്തിക തകർച്ചക്ക് ഇടവരുത്തുമെന്നാണ് ആർ.ബി.ഐയുടെ നിലപാട്. ബി.ജെ.പി അനുകൂലികളല്ലാത്ത മിക്ക സാമ്പത്തിക വിദഗ്ധർക്കും ഇതേ അഭിപ്രായമാണുള്ളതും. 2010ൽ അർജന്റീന നേരിട്ട സാമ്പത്തിക തകർച്ചക്ക് കാരണം, സർക്കാർ കരുതൽ ധനം ചെലവഴിച്ചു തീർത്തതാണെന്ന് വിരാൽ ആചാര്യ ചൂണ്ടിക്കാട്ടുന്നു.
പത്ത് വർഷം മുമ്പ് ലോകം നേരിട്ട കടുത്ത സാമ്പത്തിക മാന്ദ്യം ഇന്ത്യയിൽ അത്ര ആഘാതമേൽപ്പിക്കാതെ പോയത്, റിസർവ് ബാങ്കിന് സുശക്തമായ കരുതൽ ധനശേഖരം ഉള്ളതിനാലായിരുന്നു. വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകാൻ കൂടുതൽ പണം അനുവദിച്ചും, പലിശ നിരക്കിൽ ഇളവ് വരുത്തിയുമാണ് അന്ന് ഇന്ത്യ പ്രതിസന്ധിയെ ഒരു പരിധി വരെ അതിജീവിച്ചത്. ഇത്തരം സാഹചര്യങ്ങളിലാണ് കരുതൽ ധനശേഖരം ഉപയോഗപ്പെടുന്നതും.
28.724 ലക്ഷം കോടി രൂപയാണ് ആർ.ബി.ഐയുടെ കൈവശമുള്ള മൊത്തം കരുതൽ ധനം. ഇതുപക്ഷേ മൊത്തം രൂപയല്ല. സ്വർണം, വിദേശ നാണയം, കടപ്പത്രങ്ങൾ അങ്ങനെ പലതുമാണ്. ബോണ്ടുകളിൽ നിന്നുള്ള ലാഭം ആർ.ബി.ഐ സർക്കാരിന് നൽകുന്നുണ്ട്. എന്നാൽ അത് പോരെന്നാണ് സർക്കാരിന്റെ നിലപാട്.
ഇതിനു പുറമെയാണ് വൻകിടക്കാർ വരുത്തിവെച്ച വായ്പാ കുടിശ്ശിക മൂലം പ്രതിസന്ധിയിലായ 11 പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ വായ്പകൾ അനുവദിക്കാനായി വ്യവസ്ഥകളിൽ ഇളവ് വരുത്തണമെന്ന സർക്കാരിന്റെ ആവശ്യം. എന്നാൽ ഇത്തരമൊരു ഇളവ് നൽകിയാൽ അമേരിക്കയിൽ മാന്ദ്യകാലത്ത് ഉണ്ടായ ബാങ്കുകളുടെ തകർച്ചക്ക് സമാന സാഹചര്യം ഇന്ത്യയിലുമുണ്ടാവുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 
ഏതായാലും സർക്കാരിന്റെ സമ്മർദം താങ്ങാനാവാതെ ഉർജിത് പട്ടേൽ രാജിവെച്ചതോടെ രാജ്യം ഇനി എങ്ങോട്ട് എന്ന വലിയ ചോദ്യമാണ് ഉയരുന്നത്. ഉർജിത്തിന്റെ രാജി മോഡിയുടെ തോൽവിയാണെന്ന് കരുതി ആഘോഷിക്കേണ്ട സമയമല്ല ഇതെന്ന് രഘുറാം രാജൻ പറയുന്നത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. ഉർജിത്തിന് പകരമെത്തുന്നത് മോഡിയുടെ താളത്തിനൊത്ത് തുള്ളുന്നയാളാണെങ്കിൽ ഫലം വലിയ ദുരന്തമായിരിക്കുമെന്നാണ് അദ്ദേഹം നൽകുന്ന താക്കീത്. 
നോട്ട് നിരോധനം വലിയ മണ്ടത്തരമായിരുന്നുവെന്ന് കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തുറന്നു പറഞ്ഞത് അദ്ദേഹം രാജിവെച്ച ശേഷമാണ്. അതുപോലെ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം ഉർജിത് പട്ടേലും വൈകാതെ തുറന്നു പറഞ്ഞേക്കാം. അരവിന്ദ് സുബ്രഹ്മണ്യത്തിനു പകരം കൃഷ്ണമൂർത്തി സുബ്രഹ്മണ്യം ഉപദേഷ്ടാവായി എത്തിയിട്ടുണ്ട്. ഉർജിത് പട്ടേലിനുശേഷം ആര് എന്നത് വലിയൊരു ചോദ്യം തന്നെയാണ്.
 

Latest News