ന്യൂദല്‍ഹി- സാമ്പത്തിക രംഗത്തും വിപണിയിലും ഞെട്ടലുളവാക്കിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിക്കു പിന്നാലെ ഡെപ്യട്ടി ഗവര്‍ണര്‍ വിരള്‍ ആചാര്യയും രാജിവച്ചെന്ന പ്രചരണം റിസര്‍വ് ബാങ്ക് തള്ളിക്കളഞ്ഞു. ഈ വാര്‍ത്ത അടിസ്ഥാന രഹിതമായ അഭ്യൂഹം മാത്രമാണെന്നും വാസ്തവമല്ലെന്നും ആര്‍.ബി.ഐ വക്താവ് വ്യക്തമാക്കി. ഊര്‍ജിത് പട്ടേലിന്റെ രാജി വാര്‍ത്തയ്ക്കു പിന്നാലെയാണ് ഇത്തരം പ്രചരണം ഉണ്ടായത്. പ്രധാനമായും സമൂഹ മാധ്യമങ്ങളിലാണ് ഇതു പടര്‍ന്നത്. തുടര്‍ന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം.
ഒക്ടോബര്‍ 26-ന് വിരള്‍ ആചാര്യ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതായി സൂചനകള്‍ നല്‍കിയിരുന്നു. ഇതോടയൊണ് സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള പോര് പരസ്യമായത്. ആര്‍.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് തുടര്‍ന്നാല്‍ അത് ദുരന്തത്തില്‍ കലാശിക്കുമെന്ന് 90 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ആചാര്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിഷയം സംസാരിക്കാന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലാണ് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞതോടെ ആര്‍.ബി.ഐ നേതൃത്വം സര്‍ക്കാരിന്റെ നീക്കങ്ങളില്‍ പൂര്‍ണ അതൃപ്തരാണെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് പരസ്യമായി നടന്ന പോരാണ് ഇന്ന് ഉര്‍ജിത് പട്ടേലിന്റെ രാജിയില്‍ കലാശിച്ചത്.
Related Story