മുംബൈ- പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പ എടുത്ത് തിരിച്ചടക്കാതെ മുങ്ങി ലണ്ടനില്‍ സുഖവാസത്തിലുള്ള മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ ഒടുവില്‍ ബ്രിട്ടീഷ് കോടതി വിധി വന്നതോടെ മുംബൈ സെന്‍ട്രല്‍ ജയിലില്‍ ഒരുക്കങ്ങള്‍ തുടങ്ങി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ മല്യയ്ക്ക് രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ടെങ്കിലും പിടികിട്ടാപുള്ളിയായ പ്രതിയെ ഇത്തവണ ഇന്ത്യയിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍. ഇതു മുന്നില്‍ കണ്ട് ആര്‍തര്‍ റോഡ് ജെയില്‍ എന്ന പേരില്‍ അറിയപ്പെടുന്ന മുംബൈ സെന്‍ട്രല്‍ ജയിലില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഇവിടുത്തെ ഹൈ സെക്യൂരിറ്റി ബാരക്കുകളില്‍ ഓന്നിലാണ് മല്യയെ അടക്കുക.
ആര്‍തര്‍ റോഡ് ജയില്‍
രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള മുഴുസമയ നിരീക്ഷണമുള്ള മികച്ച ജയിലറയാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട്. ജയില്‍ സമുച്ചയത്തിലെ ഇരു നിലകെട്ടിടത്തിലാണ് ഈ അതീവ സുരക്ഷാ സെല്ലുകളുള്ളത്. മുംബൈ ഭീകരാക്രമണ കേസില്‍ പിടികൂടി വധശിക്ഷയ്ക്കു വിധേയനാക്കപ്പെട്ട ഭീകരന്‍ അജ്മല്‍ കസബിനെ പാര്‍പ്പിച്ചിരുന്നതും ഇവിടെയാണ്.
അടച്ചു പൂട്ടിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ കൂടിയായ 62കാരന്‍ മല്യയെ കുറ്റവാളി കൈമാറ്റ വാറന്റിനെ തുടര്‍ന്ന് ഏപ്രിലിലാണ് അറസ്റ്റ്് ചെയ്തത്. ഇപ്പോള്‍ ജാമ്യത്തിലാണ്. തന്നെ ഇന്ത്യയ്ക്കു കൈമാറാതിരിക്കാന്‍ ബ്രിട്ടീഷ് കോടതിയില്‍ മല്യ ഉന്നയിച്ച വാദങ്ങളിലൊന്ന് ഇന്ത്യയിലെ ജയിലുകളുടെ ദുരവസ്ഥയായിരുന്നു. എന്നാല്‍ ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയും സൗകര്യങ്ങളുമുള്ള ഈ ജയിലറ ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ കോടതിയില്‍ മല്യയുടെ വാദത്തിന് മറുപടി നല്‍കിയത്.
മല്യയെ 'വരവേല്‍ക്കാന്‍' എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ്. ഇവിടെ എത്തുന്നതോടെ അദ്ദേഹത്തിന്റെ സുരക്ഷയും രക്ഷയുമെല്ലാം ഞങ്ങളുടെ നിയന്ത്രണത്തിലാകും- ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടിയന്തര വൈദ്യ സഹായങ്ങള്‍ ആവശ്യമായി വന്നാല്‍ തൊട്ടടുത്ത് തന്നെ ഡിസ്‌പെന്‍സറിയും ഡോക്ടര്‍മാരും ഉണ്ട്. ജയിലിലെ മറ്റു സെല്ലുകളില്‍ നിന്ന് വേറിട്ടാണ് ഈ അതീവ സുരക്ഷാ സെല്ലുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ ബാരക്കുകള്‍ മുഴുസമയം സിസിടിവി കാമറകളുടെയും അത്യാധുനിക ആയുധധാരികളായ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരുടേയും നിരീക്ഷണത്തിലാണ്. ഈ ജയില്‍ രാജ്യത്തെ മികച്ച ജയിലുകളിലൊന്നാണിത്.
1926ല്‍ തുറന്ന ജയിലാണിത്. മുംബൈയിലെ ഏറ്റവും പഴക്കമേറിയതും വലുതുമാണ് രണ്ടേക്കര്‍ ഭൂമയില്‍ വ്യാപിച്ച് കിടക്കുന്ന ഈ ജയില്‍. 1994ല്‍ സെന്‍ട്രല്‍ ജയിലായി ഉയര്‍ത്തി. എങ്കിലും ആര്‍തര്‍ റോഡ് ജയില്‍ എന്ന പേരിലാണ് പ്രശസ്തി.