ന്യൂദൽഹി- ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിനെ തുടർന്ന് വിവാഹം റദ്ദാക്കി ഹൈക്കോടതി വീട്ടുതടങ്കിലടച്ചിരുന്ന ഡോ. ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട ആരോപണം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സുപ്രീം കോടതി ഏജൻസിക്ക് തന്നെ തിരിച്ചുനൽകി. എൻ ഐ എ മുദ്രവെച്ച് ഭദ്രമായി നൽകിയ റിപ്പോർട്ടുകളിൽ പലതും തുറന്നുപോലും നോക്കാതെയാണ് സുപ്രിം കോടതി റജിസ്ട്രി ഏജൻസിക്ക് തിരിച്ചുനൽകിയിരിക്കുന്നത്.
ഓഫീസ് റിപ്പോർട്ട് അനുസരിച്ച് വിഷയം കോടതി തള്ളിയതിനു പിന്നാലെ എൻ.ഐ.എയിൽ നിന്നും സീൽ ചെയ്ത റിപ്പോർട്ട് ലഭിച്ചിരുന്നു. ആ സീൽ ചെയ്ത റിപ്പോർട്ട് എൻ.ഐ.എയ്ക്കു തിരിച്ചയച്ചിട്ടുണ്ടെന്നാണ് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.
കോടതി റിപ്പോർട്ട് തിരിച്ചയച്ചതോടെ എൻ.ഐ.എയുടെ അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിക്കും.
ഹാദിയയുടെ വിവാഹം റദ്ദാക്കി വീട്ടുതടങ്കലിലടച്ച ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് ഷഫിൻ ജഹാനാണ് സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നത്. കേസ് 2017 ഓഗസ്റ്റ് 16ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കേ കേസ് എൻ.ഐ.എക്ക് കൈമാറണമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ അപ്രതീക്ഷിതമായി ഓഗസ്റ്റ് പത്തിന് കോടതിയിൽ ഹാജരായി ആവശ്യപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും തന്നെ ഇല്ലെന്നും അതിനാൽ കേസ്, എൻഐഎയ്‌ക്കോ സിബിഐയ്‌ക്കൊ കൈമാറണമെന്നുമായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറൽ മനിന്തർ സിങ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. കേസ് അന്വേഷണത്തിനുള്ള അനുമതി തേടി എൻഐഎയുടെ പേരിൽ അദ്ദേഹം അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇതേതുടർന്ന, കേസ് വിരമിച്ച സുപ്രീംകോടതി ജഡ്ജ് ആർ വി രവീന്ദ്രന്റെ മേൽനോട്ടത്തിൽ എൻഐഎ അന്വേഷിക്കണമെന്ന് 16ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നായിരുന്നു എൻ.ഐ.എ പരിശോധിച്ചത്.
ഓഗസ്റ്റിനും ഡിസംബറിനും ഇടയിൽ മൂന്ന് തൽസ്ഥിതി റിപ്പോർട്ടാണ് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചത്. കോടതി ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണമായതിനാൽ അന്വേഷണ പുരോഗതി കോടതി പരിശോധിക്കണമെന്ന് എൻഐഎയ്്ക്കു വേണ്ടി മനീന്ദർ സിങ് ആ്‌വർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എൻഐഎയുടെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിക്കാൻ കോടതി വിസമ്മതിച്ചു.