Sorry, you need to enable JavaScript to visit this website.

മുരിങ്ങയുടെ ലോകം

മുനികന്യക മൃഗകന്യകയൊടഭ്യസിച്ചോ, അതോ, മൃഗകന്യക മുനികന്യകയൊടഭ്യസിച്ചോ? ശകുന്തളയുടെ കാലത്തുനിന്ന് ആ ചോദ്യം ഇന്നോളം നീളുന്നു, ഇനിയും നീളുമായിരിക്കും.  നാമരൂപങ്ങളിലും ഭാവരാഗങ്ങളിലും ഒന്നിനൊന്നു കടപ്പെട്ടിരിക്കുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും മരങ്ങൾക്കും മത്സ്യങ്ങൾക്കും എണ്ണമില്ല. ആർ ആരെ പഠിപ്പിച്ചു, ആരിൽനിന്ന് ആരുടെ ഈണം പിറന്നു എന്നിങ്ങനെ ഒടുങ്ങാതെ നീങ്ങുന്നു പ്രകൃതിയിലെ കടപ്പാടിനെപ്പറ്റിയുള്ള ആ ചോദ്യനിര.
ഇപ്പോൾ നമ്മുടെ ഇടുങ്ങിയ വിഷയം മുരിങ്ങ ആകുന്നു. മുരിങ്ങയെ ഇംഗ്ലിഷിൽ മൊരിങ്ങ ഒലെഫേറ എന്നു പറയുന്നു.  ങീൃശിഴമ  ഛഹലശളലൃമ. നമ്മുടെ നാടൻ മുരിങ്ങ ആ മറുനാടൻ മൊരിങ്ങയിൽനിന്നുണ്ടായോ? അതോ വിദേശി സ്വദേശിയുടെ പേരു കടം കൊണ്ട് പുതിയൊരു കോളനിവാഴ്ച തുടങ്ങുകയായിരുന്നോ?  മുനികന്യകയോ മൃഗകന്യകയോ, ആരാർക്കു കടപ്പെട്ടിരിക്കുന്നു, അറിഞ്ഞോ അറിയാതെയോ? നമ്മൾ കണ്ടുവളരുകയും ചവച്ചുവലുതാവുകയും ചെയ്ത ചെടികൾക്കെല്ലാം ഒരു മറുനാടൻ ഉറവ കണ്ടെത്തുന്നതാണ് സസ്യശാസ്ത്രത്തിന്റെ വഴക്കം. മുറ്റത്തെ മുല്ലക്ക് നമ്മൾ ബിലാത്തി പേരു വിളിക്കും, വിലാസം ചേർക്കും. ആ വിദേശഗന്ധമുണ്ടായാലേ ലോകനിലവാരത്തിലേക്കുയരുകയുള്ളൂ. ഏതോ വിദേശനഗരത്തിലെ പൂന്തോട്ടത്തിൽ കറങ്ങിനടക്കുമ്പോൾ മണമില്ലാത്ത, പക്ഷേ കണ്ണഞ്ചിക്കുന്ന, ചെമ്പരത്തിയെ കണ്ടുമുട്ടിയതോർക്കുന്നു.  ഞലറ ഇീേേീി. അക്ഷരം പ്രതി അങ്ങനെ പേരു മാറിയ ആ ചെടിക്കും സസ്യശാസ്ത്രനാമം വേറെയായിരുന്നു. 
പക്ഷേ അതിന്റെ തുടക്കം മഡഗാസ്‌കറിൽനിന്നാണെന്ന വാദം കേട്ടപ്പോൾ, ജി യുടെ അന്വേഷിയെപ്പോലെ ഞാനും പറഞ്ഞുപോയി,'ആനാവെനിക്കവിശ്വാസ്യം.' എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും നമ്മൾ തലമുറകളായി കണ്ടു രസിച്ച ചെമ്പരത്തി നമ്മുടെ നാട്ടുകാരനല്ല, ആഫ്രിക്കക്കാരനാണെന്നോ? ഓഹോ, ആ വഴിയേ ഏറെ ചിന്തിച്ചുമുന്നേറിയാൽ ആദിമമനുഷ്യന്റെ നാടു തന്നെ ആഫ്രിക്കയാണെന്നു വരും. പത്തറുപതിനായിരം കൊല്ലം മുമ്പത്തെ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത് എത്യോപ്യയിൽനിന്നാണത്രേ.


നമുക്ക് ഈടു കുറഞ്ഞ മുരിങ്ങയിലേക്ക് മടങ്ങാം. മുരിങ്ങ മൊരിങ്ങയിൽനിന്നോ മൊരിങ്ങ മുരിങ്ങയിൽനിന്നോ? ഒന്നിന്റെയും ഉത്ഭവത്തെപ്പറ്റിയുള്ള വാദം ഒരിക്കലും നിലക്കില്ലെങ്കിലും മുരിങ്ങയുടെ കാര്യത്തിൽ തൽക്കാലം സംവാദത്തിന്റെ അവസാനം നമുക്ക് സമാധാനം തരുന്നു. തമിഴിലെ മുരിങ്ങയിൽനിന്ന് ഉരുത്തിരിഞ്ഞിറങ്ങിയതാണ് മൊരിങ്ങ ഒലെഫേറ എന്ന് ഒരു കൂട്ടം പണ്ഡിതർ വാദിക്കുന്നു.  തമിഴരോളം തന്നെ, അല്ലെങ്കിൽ അവരെക്കാൾ കൂടുതൽ, മുരിങ്ങക്കായ കഴിക്കുന്ന മലയാളിക്ക് അത്ര തന്നെ രുചിക്കില്ല ആ പദനിഷ്പത്തി. എന്നാലും ഗോദാവരിയുടെയോ കാവേരിയുടെയോ തുടക്കത്തിലേക്ക് പോയില്ലല്ലോ ആ ഉത്ഭവകഥ. അതിനും വടക്കോട്ട് ആ കാറ്റ് വീശിയതേയില്ല. ഇന്നും എന്നും ഒരു തെന്നിന്ത്യൻ വിഭവമാണ് മുരിങ്ങ. അത് ചർച്ചയാകുന്നു അടുത്തയാഴ്ച കന്യാകുമാരിയിൽ. പല പണ്ഡിതരും, പാണ്ഡ്യന്മാരും ചേരന്മാരും,  മുരിങ്ങയെ തമിഴകത്ത് നട്ടു വളർത്തുന്നത് വെറുതെയല്ല. ദുർഗന്ധമില്ലാത്ത കാറ്റും ഒച്ചയും വീശുന്ന അഭ്യാസം മാത്രമല്ല കന്യാകുമാരിയിലെ മുരിങ്ങ പർവം.  രണ്ടു നാൾ നീളുന്ന അന്തർദ്ദേശീയ സെമിനാറാണ് സംഭവം. ഇരുപതു രാജ്യങ്ങളിൽനിന്ന് മുന്നൂറു വിദഗ്ധർ അതിൽ പങ്കെടുക്കുന്നു.  ചവച്ചും ഈമ്പിയും മുരിങ്ങ കഴിച്ചു ശീലമുള്ള നാട്ടുകാർ ചോദ്യകർത്താക്കളായി വേറെയും കാണും. സംഭവത്തെപ്പറ്റിയുള്ള വാർത്ത തുടങ്ങുന്നതിങ്ങനെ: 'നമ്മുടെ അടുക്കളയുടെ പിന്നാമ്പുറത്ത് ആർക്കും ശല്യമില്ലാതെയും എല്ലാവർക്കും ഉപയോഗപ്രദമായും വളരുന്ന മുരിങ്ങ മരത്തിനു വേണ്ടിയും ഒരു രാജ്യാന്തര സെമിനാർ.'
അതെനിക്കത്ര സുഖിച്ചില്ല. ഉപയോഗപ്രദം തന്നെ, പക്ഷേ ശല്യമില്ലാതെ അടുക്കളയുടെ പിന്നാമ്പുറത്ത് വളരുന്നതാണ് ലോകചർച്ചക്കു വിഷയമാകുന്ന മുരിങ്ങ എന്നു പറഞ്ഞുകൂടാ. അടുക്കളയുടെ പിന്നിലല്ല, വീട്ടിന്റെ മുന്നിൽത്തന്നെ ഞങ്ങൾ ഒരു മുരിങ്ങ വളരാൻ അനുവദിച്ചു. കമ്പിനു കമ്പിന് ചെണ്ടക്കോലുകൾ തൂങ്ങാൻ തുടങ്ങിയപ്പോൾ കാണികൾ കരിങ്കണ്ണുരുട്ടിക്കാണാം.  അരിച്ചുകേറാൻ ഇടമുള്ളിടത്തൊക്കെ മുരിങ്ങയിൽ കരിമ്പടപ്പുഴു പാർപ്പുറപ്പിച്ചു. താഴെക്കൂടെ കടന്നുപോകുന്നവരുടെയെല്ലാം നിറുകയിൽ അതിന്റെ വർഷമായി. ഞങ്ങളുടെ സാമ്പാറിനും അവിയലിനും തോരനും സ്റ്റ്യൂവിനും മാത്രം ഉദ്ദേശിച്ചിട്ടുള്ള മുരിങ്ങയിൽ കോളനി വാഴ്ച്ക തുടങ്ങിയ കരിമ്പടപ്പുഴുവിനോട് ഞങ്ങൾക്ക് അരിശമായി. എന്തുകൊണ്ട് കരിമ്പടപ്പുഴു മുരിങ്ങയിൽ കയറി കയ്യടക്കി? നമ്മളെക്കൂടാതെ അതിനു മാത്രം തിരിച്ചറിയാവുന്ന എന്തോ ഗുണം മുരിങ്ങക്കുണ്ടായിരിക്കാം. കന്യാകുമാരിയിലെ സൂര്യോദയത്തോടൊപ്പം ആ ചോദ്യത്തിനും വെളിച്ചമുണ്ടാകട്ടെ. കരിമ്പടപ്പുഴുവിന് അത്രമാത്രം ഇഷ്ടമായ മുരിങ്ങയുടെ വൈശിഷ്ട്യം എന്തായിരിക്കും? ഇനിയും കേട്ടറിവിൽ ഒതുങ്ങിനിൽക്കുന്ന അതിന്റെ ഗുണം പരീക്ഷിച്ചറിയാനും പ്രചരിപ്പിക്കാനുമുള്ള തത്രപ്പാടിലാണ് കന്യാകുമാരിയിലെ വികസനപഠനത്തിനുള്ള സ്‌റ്റെല്ലാ മേരീസ് ഇൻസ്റ്റിറ്റിയൂട്ട്. മുരിങ്ങയുടെ മാഹാത്മ്യം കണ്ടറിയാനും കൊണ്ടുകൊടുക്കാനും വ്രതമെടുത്തിരിക്കുന്ന ഒരു സ്ഥാപനം തന്നെയുണ്ട് സ്‌റ്റെല്ലാ മേരീസ് ഇൻസ്റ്റിറ്റിയൂടിന്റെ കീഴിൽ ഇലിേൃല ളീൃ ഋഃരലഹഹലിരല ശി ങീൃശിഴമ. 
കരിമ്പടപ്പുഴു കണ്ടു മനസ്സിലാക്കിയതെന്താണാവോ? കാരണവന്മാർ കേട്ടുകേട്ടു പഠിപ്പിച്ചിട്ടുള്ളത് മുരിങ്ങക്കായയുടെ ഗുണത്തെപ്പറ്റിയാണല്ലോ.വൈദ്യന്മാരുടെ കുറിപ്പടിയിൽ അതു കാണില്ല. കാരണം അതു മരുന്നല്ല, ഭക്ഷണമാകുന്നു. വാസ്തവത്തിൽ ഭക്ഷണം തന്നെയാകുന്നു ഔഷധം എന്നും ഓർത്തിരിക്കണം. പ്രകൃതി സമ്മാനിക്കുന്ന എല്ലാം എന്തെങ്കിലും ദോഷം നീക്കുന്നതായിരിക്കും. മുരിങ്ങയുടെ കായയും ഇലയും അങ്ങനെ ചില ദോഷം ഹരിക്കാൻ ഉതകുന്നതാണെന്ന് പറയപ്പെടുന്നു. നീർക്കെട്ടും പ്രമേഹവും മാറ്റാൻ മുരിങ്ങക്കായ മതിയാകുമത്രേ.
മൂന്നു ദിവസം മുമ്മൂന്നു നേരം കഴിച്ചാൽ പഞ്ചസാര അലിഞ്ഞലിഞ്ഞുപോകുമെന്നു കരുതണ്ട. പ്രകൃതിയിൽനിന്ന് മരുന്നു കണ്ടെടുക്കുകയും ആഹാരവും ഔഷധവും തമ്മിലുള്ള ജൈവബന്ധം രൂപപ്പെടുത്തുകയും ചെയ്ത ഒരു സ്വാസ്ഥ്യസംസ്‌കൃതിയുടെ തിരിച്ചറിവിനെ ഒന്നും ഒന്നും രണ്ടായി തിട്ടപ്പെടുത്തരുത്. നീർക്കെട്ടിനെന്നല്ല, പല രോഗാവസ്ഥക്കും മുരിങ്ങ പരിഹാരമാകാം. അതുപോലെ, മുരിങ്ങ മാത്രമല്ല, പല കായകളും പൂവുകളും വേരുകളും പലതിനും മരുന്നാകാം. പ്രകൃതി എന്ന ജീവദായകന്റെയും ഭിഷഗ്വരന്റെയും ഉള്ളറിയാൻ കഴിയണമെന്നു മാത്രം.  
ആ വഴിക്കാണ് കന്യാകുമാരിയിലെ സ്‌റ്റെല്ലാ മേരിയുടെ നീക്കം.  വസ്തുതയെ കഥയാക്കുന്നതാണ് നമ്മുടെ വിജ്ഞാനത്തിന്റെ സ്വഭാവം.മുരിങ്ങക്കായ ഈമ്പി രസിക്കുന്നവർക്ക് അതിന്റെ ഏതംശം എത്ര അളവിൽ ഉള്ളിൽ ചെന്നാൽ കണ്ണിനും കരളിനും എന്തു വ്യത്യാസം വരും എന്ന് പലരെ പല കാലത്തായി പരിശോധിച്ചു തിട്ടപ്പെടുത്താൻ നമുക്കായിട്ടില്ല.  ഉള്ള അറിവ് ക്രോഡീകരിക്കുന്ന രീതിയും നമ്മൾ ശീലിച്ചില്ല. അതു ശീലിച്ചതുകൊണ്ടുമായില്ല. മുരിങ്ങയുടെ പാചകവും പരിപാകവും അറിഞ്ഞിരിക്കണം. അതിന്റെ കൃഷിശാസ്ത്രവും ധനശാസ്ത്രവും മനസ്സിലാക്കണം. അതാണെന്നു തോന്നുന്നു സ്‌റ്റെല്ലാ മേരിയുടെ ദൗത്യം.
കുറുന്തോട്ടി വാതം മാറ്റുമെന്ന് പഴയ നാട്ടറിവ്.വിങ്കാ റോസിയ എന്നു വിളികൊണ്ട നിത്യകല്യാണിയിൽനിന്ന് അരിച്ചെടുക്കുന്ന വിൻബ്ലാസ്റ്റിൻവിങ്ക്രെസ്റ്റിൻ എന്ന രാസപദാർഥം രക്താർബുദം ഭേദപ്പെടുത്താൻ ഉപകരിക്കുമെന്നത് പുതിയ നഗരജ്ഞാനം.അങ്ങനെ, ചെറിയ ചെടികളും വലിയ മരങ്ങളും അതിജീവനത്തിന്റെ എന്തെല്ലാം രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്നുവെന്ന് ആരറിയുന്നു?  മുരിങ്ങയുടെ കാര്യത്തിൽ, നമ്മുടെ താൽപര്യം ഇലയിലും കായയിലും ഒതുങ്ങിനിൽക്കുന്നു. ഇലയാകട്ടെ, പാകപ്പെടുത്താൻ വലിയ പങ്കപ്പാട്. കായയോ, പരിമിതമായ പാചകവിധികളും ശേഖരണരീതികളും. 'അടുക്കളയുടെ പിന്നാമ്പുറത്ത് ആരെയും ശല്യപ്പെടുത്താതെ' വളരുന്ന മരമല്ലേ, അത്രയൊക്കെ മതി എന്നു കരുതിക്കാണും. അതിനെ പുതിയൊരാലോചനക്കു വിധേയമാക്കുന്ന കന്യാകുമാരിയിലെ സെമിനാർ ഏറെ പ്രസക്തമായിരിക്കുന്നു.

 

Latest News