ന്യൂദല്‍ഹി- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു. 2019 സെപ്റ്റംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണു രാജി. കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ സ്ഥാനമൊഴിയുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
നോട്ട് നിരോധനം, റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് ഊര്‍ജിത് പട്ടേലിന് എതിര്‍പ്പുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹവുമായി നേരിട്ടു ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മന്ത്രമാര്‍ക്കു പുറമെ, സംഘപരിവാര്‍ സംഘടനകളും ഊര്‍ജിത് പട്ടേലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കു വഴങ്ങുന്നില്ലെങ്കില്‍ രാജിവെക്കണമെന്ന് ആര്‍.എസ്.എസ് ഉള്‍പ്പെടെ സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
റിസര്‍വ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതല്‍ധനത്തിന്റെ മൂന്നിലൊന്നു വികസനാവശ്യങ്ങള്‍ക്കു വിട്ടുകിട്ടണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് ആപല്‍ക്കരമാണെന്നു ആര്‍.ബി.ഐ വ്യക്തമാക്കി. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാരും ആര്‍.ബി.ഐയും ഒത്തുതീര്‍പ്പിലെത്തി എന്നായിരുന്നു റിപ്പോര്‍ട്ട്.