ഷാജഹാന്‍പൂര്‍- ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ 80കാരിയായ അമ്മ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മകന്റെ ക്രൂരത മൂലം സ്വന്തം വീട്ടില്‍ പട്ടിണി കിടന്ന് മരിച്ചു. ഇവരെ മകന്‍ മുറിക്കുള്ളില്‍ അടച്ചുപൂട്ടിയിട്ടതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അയല്‍ക്കാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അടച്ചിട്ട മുറിക്കുള്ളില്‍ വയോധികയുടെ ജീര്‍ണിച്ച മൃതദേഹം ലഭിച്ചത്. ഇവരുടെ മകന്‍ സലില്‍ ചൗധരി റെയില്‍വെ ജീവനക്കാരനാണ്. അമ്മയുടെ മൃതദേഹം കണ്ടെടുത്തതോടെ ഇയാള്‍ മുങ്ങിയിരിക്കുകയാണ്. ഷാജഹാന്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ടിക്കറ്റ് കലക്ടറാണ് സലില്‍. അനുമതിയില്ലാതെ ജോലിയില്‍ നിന്ന് അവധിയെടുത്തതിന് ഇയാളെ നേരത്തെ രണ്ടു തവണ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നുവെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. രണ്ടു മാസമായി ഇയാള്‍ ജോലിക്കെത്തിയിട്ടെന്നും അദ്ദേഹം പറഞ്ഞു.
ലഖനൗ സ്വദേശിയായ സലില്‍ 2005ലാണ് ഷാജഹാന്‍പൂരിലേക്ക് സ്ഥലം മാറി എത്തിയത്. റെയില്‍വെ കോളനിയിലാണ് കുടുംബ സമേതം കഴിയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സലിലിനു വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.