ന്യൂദൽഹി- ബി.ജെ.പി നേതൃത്വം നൽകുന്ന മുന്നണിയിൽ വിള്ളൽ വ്യക്തമാക്കി കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ. ഇന്ന് ചേരുന്ന എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കില്ലെന്നും മുന്നണിയിൽനിന്ന് ഏത് സമയവും പുറത്തേക്ക് പോകുമെന്നും രാഷ്ട്രീയ ലോക് സമത പാർട്ടി നേതാവായ കുശ്‌വാഹ വ്യക്തമാക്കി. ഇന്ന് ഉച്ചക്ക് ശേഷം മുന്നണി വിടുന്ന കാര്യം കുശ്‌വാഹ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. കുശ്‌വാഹയുടെ മുന്നണി വിടൽ ബിഹാറിൽ എൻ.ഡി.എക്ക് തിരിച്ചടി നൽകുമെന്നാണ് വിലയിരുത്തൽ. ഇന്ന് കേന്ദ്രമന്ത്രി സ്ഥാനവും കുശ്‌വാഹ രാജിവെക്കും. മാനവവിഭവ ശേഷി വകുപ്പാണ് കുശ്‌വാഹ വഹിക്കുന്നത്. അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സീറ്റ് പങ്കുവെക്കലാണ് കുശ്‌വാഹയെ ചൊടിപ്പിച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് അർഹിക്കുന്നതിലേറെ സീറ്റുകൾ അനുവദിച്ചുവെന്നാണ് പരാതി.