ചരിത്രകാരന്‍ പ്രൊഫസര്‍ മുശീറുല്‍ ഹസന്‍ അന്തരിച്ചു

ന്യുദല്‍ഹി- പ്രശസ്ത ചരിത്രകാരനും ദല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സറുമായ പ്രൊഫസര്‍ മുശീറുല്‍ ഹസന്‍ (71) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ദല്‍ഹിയിലായിരുന്നു അന്ത്യം. ഇന്ത്യാ വിഭജനത്തെ കുറിച്ചുള്ള ചരിത്രം വിശദമായി എഴുതിയ പ്രമുഖ ചരിത്രകാരനായ ഹസന്‍ നാഷണല്‍ ആര്‍ക്കൈവ് ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ കൂടിയാണ്. അദ്ദേഹമെഴുതിയ തെക്കന്‍ ഏഷ്യയിലെ ഇസ്ലാമിന്റെ ചരിത്രവും പ്രസിദ്ധമാണ്. 2004 മുതല്‍ 2009വരെ ജാമിഅ വിസി ആയ ഹസന്‍ നേരത്തെ പ്രൊ വിസി ആയും ചുമതല വഹിച്ചിട്ടുണ്ട്.

ഇന്ത്യയിലെ സാമൂഹി ശാസ്ത്ര രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ അക്കാഡമിക് പണ്ഡിതന്‍ ആയ മുശീറുല്‍ ഹസന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി വൈസ് ചെയര്‍മാന്‍, ഇറാന്‍ എംബസിയിലെ ഇന്തൊ-ഇറാന്‍ സൊസൈറ്റി പ്രസിഡന്റ് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് ജാമിഅ ശ്മശാനത്തില്‍ നടക്കും.
 

Latest News