Sorry, you need to enable JavaScript to visit this website.

സുഹൃത്തിന്റെ കൊലപാതകം;  ഹോം സ്‌റ്റേ ഉടമ അറസ്റ്റിൽ

പ്രതി ബിറ്റാജ്, കൊല്ലപ്പെട്ട സനീഷ്

ഇടുക്കി- യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ. മുനിയറ കരിമല എർത്തടത്തിനാൽ സനീഷ്(29) നെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് രാജാക്കാട് അയ്യപ്പൻപറമ്പിൽ ബിറ്റാജ്(34) നെയാണ്
ശാന്തമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന സമയത്ത് പ്രതിക്കൊപ്പമുണ്ടായിരുന്ന എൻ.ആർ സിറ്റി വാലുപാറയിൽ രാജൻ(47), പൂപ്പാറ ലക്ഷം കോളനി സ്വദേശി ജയൻ അലക്‌സാണ്ടർ(26) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. 
കൊല്ലപ്പെട്ട സനീഷ് ഇടനില നിന്ന് ഏതാനും മാസം മുമ്പ് ബിറ്റാജിന് 5 ലക്ഷം രൂപക്ക് ജീപ്പ് വാങ്ങി നൽകിയിരുന്നു. കുത്തുങ്കൽ സ്വദേശിയിൽ നിന്നും വാങ്ങിയ ജീപ്പിന് ഒന്നര ലക്ഷം രൂപയാണ് ബിറ്റാജ് നൽകിയത്. വാഹനത്തിന്റെ സിസി കുടിശിക തീർത്ത് രേഖകൾ നൽകുമ്പോൾ ബാക്കി തുക നൽകുമെന്നായിരുന്നു കരാർ. രേഖകൾ നൽകാത്തിനാൽ
കരാറിൽ പറഞ്ഞ സമയത്ത് ബാക്കി തുക നൽകാൻ ബിറ്റാജ് തയാറായില്ല. രണ്ട് ദിവസം മുമ്പ് ബിറ്റാജിന്റെ ഉടമസ്ഥതയിലുള്ള പൂപ്പാറ മുള്ളൻതണ്ടിലെ ഹോം സ്റ്റേയിലെത്തിയ സനീഷ് പണം എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ട് മടങ്ങി. 
ബിറ്റാജ് പണം നൽകില്ലെന്നു ബോധ്യമായതോടെ സനീഷ് ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ ബിറ്റാജിന്റെ ഹോംസ്റ്റേയിലെത്തി. സനീഷിന്റെ നാല് സുഹൃത്തുക്കൾ ഈ സമയം പൂപ്പാറ ടൗണിൽ കാത്തു നിന്നു. ബിറ്റാജിന്റെ പക്കൽ
നിന്നും തന്ത്രപൂർവം ജീപ്പ് തിരികെ വാങ്ങുകയായിരുന്നു സനീഷിന്റെ ലക്ഷ്യം. ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിൽ സനീഷ് ഒരു വിവാഹത്തിനു പോകാൻ ജീപ്പ് വേണമെന്നാവശ്യപ്പെട്ടു. ബിറ്റാജ് വിസമ്മതമറിയിച്ചതോടെ വാക്കു തർക്കമായി. ഇതിനിടെ ബിറ്റാജ് സനീഷിനെ ഇടിച്ചു. എതിർക്കാൻ ശ്രമിച്ച സനീഷിന്റെ തല ഭിത്തിയിലിടിപ്പിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ബോധരഹിതനായി വീണ സനീഷ് മരിച്ച വിവരം പ്രതികൾ 10 മണിയോടെയാണ് അറിയുന്നത്.
തുടർന്ന് 12 മണിയോടെ ബിറ്റാജ് ശാന്തമ്പാറ പോലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ച് തന്റെ ഹോം സ്റ്റേയുടെ സമീപം റോഡിൽ പരിക്കേറ്റ നിലയിൽ ഒരാളെ കണ്ടെന്നും ആശുപത്രിയിലെത്തിക്കാൻ വാഹനം വേണമെന്നും ആവശ്യപ്പെട്ടു. പോലീസ് വാഹനം പട്രോളിംഗിലായിരുന്നതിനാൽ പോലീസ് ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയ ഓട്ടോയിൽ ബിറ്റാജും സുഹൃത്തുക്കളും
ചേർന്ന് സനീഷിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഉടൻ തന്നെ പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് സനീഷ് മരിച്ചിട്ട് 5 മണിക്കൂർ കഴിഞ്ഞതായി പരിശോധിച്ച ഡോക്ടർ അറിയിച്ചു.
തുടർന്ന് പോലീസ് ബിറ്റാജിനെയും രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ബിറ്റാജ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടാളികളുടെ ഇടപെടലുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റകൃത്യത്തിൽ ഇവർക്കും പങ്കുണ്ടെങ്കിൽ പ്രതിപ്പട്ടികയിൽ
ഉൾപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സനീഷിന്റെ മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൂന്നാർ ഡിവൈ.എസ്.പി ഡി.എസ്.സുനീഷ്ബാബു, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എ.ഡി.മോഹൻദാസ്, ശാന്തമ്പാറ സി.ഐ എസ്.ചന്ദ്രകുമാർ, എസ്.ഐ ബി.വിനോദ്കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ, കെ.ആർ.സുധാകരൻ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. മോഹനനാണ് കൊല്ലപ്പെട്ട സനീഷിന്റെ പിതാവ്. മാതാവ്: സുശീല. സഹോദരൻ: അജിത്ത്.

Latest News