തിരുവനന്തപുരം- മലയാളികളുടെ പ്രിയ സംവിധായകൻ കിം കി ഡുക്ക് ഇത്തവണയും കാഴ്ച വസന്തം ഒരുക്കി പ്രേക്ഷക ഹൃദയം കീഴടക്കി. രാജ്യാന്തര ചലച്ചിത്ര മേളയിൽ ഡുക്കിന്റെ ഹ്യൂമൺ സ്പേസ് ടൈം ആന്റ് ഹ്യൂമൺ എന്ന ചിത്രം നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ ഏറ്റുവാങ്ങിയത്.
പലതരം പശ്ചാത്തലത്തിൽ നിന്നുള്ളവർ ഒരു യുദ്ധക്കപ്പലിൽ നടത്തുന്ന യാത്രയും തുടർന്നുള്ള സംഭവങ്ങളും കിമ്മിന്റെ പതിവു ശൈലിയിൽ അവതരിപ്പിച്ചപ്പോൾ രാജ്യാന്തര ചലച്ചിത്ര മേളയിലെ വേറിട്ട അനുഭവമായി ചിത്രം മാറി. ബെർലിൻ, ഗോവ ഫിലിം ഫെസ്റ്റിവലുകൾ ഉൾപ്പെടെയുള്ള മേളകളിൽ നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദർശനമായിരുന്നു ഐ.എഫ്.എഫ്.കെയിലേത്. ഹിംസയും ലൈംഗികതയും തുറന്ന ചർച്ചയ്ക്ക് വിധേയമാക്കുന്ന ഈ ചിത്രത്തിന്റെ അടുത്ത പ്രദർശനം ഡിസംബർ 12 ന് കലാഭവൻ തിയേറ്ററിലാണ്. മേളയിൽ പ്രദർശിപ്പിക്കുന്ന ചെക്ക് അമേരിക്കൻ സംവിധായകൻ മിലോസ് ഫോർമാന്റെ ചിത്രങ്ങൾക്ക് ആസ്വാദകരുടെ നല്ല തിരക്കാണ്. യുവഗായകരായ ബ്ലൂമെന്റലിന്റെയും വ്ലാദയുടെയും സംഗീത ജീവിതം ആവിഷ്‌കരിച്ച ടാലന്റ് കോംപറ്റീഷൻ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ ഏറ്റുവാങ്ങിയത്. പ്രേക്ഷക മനസ്സുകളിൽ എക്കാലത്തും തിളങ്ങിനിൽക്കുന്ന ചലച്ചിത്രക്കാഴ്ചയാണ് ബ്ലാക്ക് പീറ്റർ, വൺ ഫ്ളൂ ഓവർ ദി കുക്കൂസ് നെസ്റ്റ്, ലവ്സ് ഓഫ് എ ബ്ലണ്ട് എന്നീ ഫോർമാൻ ചിത്രങ്ങളെന്ന് തെളിയിക്കുന്ന തരത്തിലായരുന്നു പ്രേക്ഷകരുടെ പ്രതികരണം.
റിമമ്പറിംഗ് ദ മാസ്റ്റർ വിഭാഗത്തിൽ ഇന്ന് അമദ്യൂസ് പ്രദർശിപ്പിക്കും. മൊസാർട്ടിന്റെ കൽപിത ജീവിതാഖ്യായികയായ ഈ ചിത്രം 18 ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജീവിച്ച സലിയേറി എന്ന ഇറ്റാലിയൻ സംഗീതജ്ഞന്റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്. ദി ഫയർമാൻസ് ബോൾ എന്ന ചിത്രം ഈ വിഭാഗത്തിൽ ഡിസംബർ 12 ന് പ്രദർശിപ്പിക്കും.
പ്രസിദ്ധ ഛായാഗ്രഹകൻ അനിൽ മേത്തയുടെ മാസ്റ്റർ ക്ലാസ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മുതൽ വൈകിട്ട് ആറ് വരെ ഹോട്ടൽ ഹൊറൈസണിലാണ് ക്ലാസ്.
ചലച്ചിത്ര വിദ്യാർത്ഥികൾക്കും ആസ്വാദകർക്കുമായി കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് സ്റ്റുഡന്റ്‌സ് കൗൺസിലാണ് മാസ്റ്റർ ക്ലാസ് സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ബോളിവുഡ് ഛായാഗ്രഹകനായ അനിൽ മേത്ത മണി കൗൾ മുതൽ മജീദ് മജീദി വരെയുള്ള മാസ്റ്റേഴ്സിന്റെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്.