- സൈന്യം തേടിവന്ന ഹിസ്ബ് ഭീകരൻ പിടിയിൽ
ശ്രീനഗർ- ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. മുജുഗുണ്ഡിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ലശ്കറെ ത്വയ്യിബയിൽ പെട്ടവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് തോക്കുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെ രാവിലെ വരെ നീണ്ടു.
അതിനിടെ, സുരക്ഷാ സേന തേടിക്കൊണ്ടിരുന്ന ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ പിടികൂടിയതായി കശ്മീർ പോലീസ് അറിയിച്ചു. കിശ്വർ ജില്ലയിൽ നടന്ന ഓപറേഷനിലാണ് റിയാസ് അഹ്മദ് എന്നയാൾ പിടിയിലായതെന്ന് എസ്.എസ്.പി രജീന്ദർ ഗുപ്ത അറിയിച്ചു. ജഹാംഗീർ എന്ന് വിളിക്കുന്ന ഭീകര നേതാവ് മുഹമ്മദ് അമീന്റെ കൂട്ടാളിയായ ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വളഞ്ഞ് പിടികൂടിയത്.
കശ്മീരി യുവാക്കളെ ഒളിപ്പോർ പ്രവർത്തനങ്ങളിലേക്ക് പ്രലോഭിപ്പിച്ചിരുന്നയാളാണ് റിയാസെന്നും എസ്.എസ്.പി പറഞ്ഞു. എ.കെ 47 തോക്കും പിടിച്ചുനിൽക്കുന്ന റിയാസ് അഹ്മദിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ജൂലൈയിൽ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടുകയും, ചോദ്യം ചെയ്യലിൽ ഇവർ നൽകിയ വിവരങ്ങളുടെ അയിസ്ഥാനത്തിൽ റിയാസ് അഹ്മദിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.