- കോൺഗ്രസ്, എ.ഐ.എം.ഐ.എം എന്നിവ ഒഴികെ ഏതു കക്ഷിയുമായും സഖ്യത്തിന് തയാറെന്ന് ബി.ജെ.പി
ഹൈദരാബാദ് - തെലങ്കാനയിൽ തൂക്കുസഭ വന്നേക്കുമെന്ന കണക്കുകൂട്ടലിൽ ടി.ആർ.എസിനെ ചാക്കിലാക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് തിരിച്ചടി. ടി.ആർ.എസുമായി തുറന്ന സഖ്യത്തിന് തയാറാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.ലക്ഷ്മണൻ പ്രസ്താവിച്ചതിനു പിന്നാലെ, തങ്ങൾക്ക് ആരുടെയും സഖ്യം വേണ്ടെന്നും ഒറ്റക്കു തന്നെ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും ടി.ആർ.എസ് നേതൃത്വം പ്രതികരിച്ചു.
കോൺഗ്രസും, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ഒഴികെയുള്ള പാർട്ടികളുമായി സഖ്യത്തിന് തയാറെന്നായിരുന്നു ലക്ഷ്മണന്റെ വാഗ്ദാനം. തെലങ്കാനയിൽ തീർച്ചയായും ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്നും, അഥവാ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ കിട്ടാത്തപക്ഷം മറ്റ് ഓപ്ഷനുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം കോൺഗ്രസ്, എ.ഐ.എം.ഐ.എം എന്നിവയൊഴികെയുള്ള കക്ഷികളുമായി ചർച്ച നടത്തും. തീരുമാനമെടുക്കുക പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുമായിരിക്കും. സഖ്യത്തിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് ടി.ആർ.എസാണെന്നും ലക്ഷ്മണൻ പറഞ്ഞു.
എന്നാൽ തങ്ങൾ ആരോടും സഖ്യം തേടിയിട്ടില്ലെന്നും മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന കാര്യത്തിൽ നല്ല ആത്മവിശ്വാസമുണ്ടെന്നും ടി.ആർ.എസ് വക്താവ് ഭാനു പ്രസാദ് പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾ ടി.ആർ.എസിന് നല്ല ആത്മവിശ്വാസം നൽകുന്നുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞയുടൻ പുറത്തുവന്ന ഒമ്പത് എക്‌സിറ്റ് പോളുകളിൽ അഞ്ചിലും ടി.ആർ.എസിന് മികച്ച വിജയം പ്രവചിക്കുന്നു. കോൺഗ്രസ് രണ്ടാമത്തെ കക്ഷിയാവുമെന്നും സൂചനയുണ്ട്.
സംസ്ഥാനത്ത് തൂക്കു സഭക്കും സാധ്യതയുണ്ടെന്നിരിക്കെ, മറ്റ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരണത്തിന് കോൺഗ്രസും നീക്കമാരംഭിച്ചിട്ടുണ്ട്. സാഹചര്യത്തിനനുസരിച്ച് സഖ്യത്തിന് രൂപം നൽകുമെന്നും രാജ്യത്ത് എല്ലാ കാലവും സ്ഥിരമായ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാകണമെന്നില്ലെന്നും പി.സി.സി പ്രസിഡന്റ് ജി.എൻ. റെഡ്ഡി പറഞ്ഞു. വേണ്ടിവന്നാൽ എ.ഐ.എം.ഐ.എമ്മുമായും സഖ്യത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.