ലഖ്‌നൗ- ആക്രമണങ്ങളില്‍ മക്കളെ നഷ്ടപ്പെടുന്നതിന്റെ ദുഃഖവും വേദനയും മക്കളില്ലാത്ത പ്രധാനമന്ത്രി മോഡിക്കു മനസ്സിലാകില്ലെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. മോഡി മന്ത്രിസഭയിലെ ഭുരിപക്ഷം പേരും ഇങ്ങനെയുള്ളവരാണെന്നും അതുകൊണ്ട് ഉറ്റവരെ നഷ്ടപ്പെടുന്നതിന്റെ വേദന അവര്‍ക്കു മനസ്സിലാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഭീം ആര്‍മി നേതാവിന്റെ രൂക്ഷ വിമര്‍ശം. ബുലന്ദ്ശഹര്‍ ജില്ലയില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു നടന്ന കലാപത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ എന്തിനാണ് ഇപ്പോഴും ഗോഹത്യ നിയമവിധേയമാക്കിയിരിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് മോഡിയെ പരിഹസിച്ചു.
വിവിധ ഭീകര സംഘടനകള്‍ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അംബേദ്കര്‍ 1956ല്‍ ഇത്തരത്തിലുള്ള സംഘടനകളെ നിരോധിച്ചതാണ്. എന്നാല്‍ പിന്നീട് അതു പിന്‍വലിച്ചു. പട്ടിക ജാതി വിഭാഗത്തില്‍നിന്നുള്ള ആളുകളെ ബി.ജെ.പി അവഗണിക്കുകയാണ്. താഴെക്കിടയില്‍നിന്ന് ആരും ഉയര്‍ന്നു വരാതിരിക്കുന്നതിനായി അവര്‍ക്കുള്ള വിദ്യാഭ്യാസ ബജറ്റ് സര്‍ക്കാര്‍ കുറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.