ന്യൂദൽഹി- യു.പി.എ ചെയർപേഴ്‌സൺ സോണിയാഗാന്ധിക്ക് ജന്മദിനാശംസകളുമായി നേതാക്കൾ. 72-ാം ജന്മദിനം ആഘോഷിക്കുന്ന സോണിയക്ക് ആശംസയുമായി ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിൻ, കനിമൊഴി തുടങ്ങിയവർ നേരിട്ടെത്തി ആശംസ കൈമാറി. ഈ മാസം പതിനാറിന് ചെന്നൈയിൽ കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലേക്ക് അവർ സോണിയയെ ക്ഷണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി സോണിയക്ക് ദീർഘായുസ് നേർന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, കശ്മീരിലെ നാഷണൽ കോൺഫ്രൻസ് നേതാവ് ഒമർ അബ്ദുല്ല എന്നിവരും സോണിയയെ ആശംസിച്ചു. പാർട്ടി പ്രവർത്തകർ സോണിയയുടെ വസതിക്ക് മുന്നിൽ ആഘോഷം സംഘടിപ്പിച്ചു.
അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് ബി.ജെ.പിയെ നേരിടാൻ നാളെ പ്രതിപക്ഷ പാർട്ടികളുടെ യോഗം കോൺഗ്രസ് വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച തുടങ്ങാനിരിക്കുന്ന പാർലമെന്റ് സെഷനിൽ സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും. റഫേൽ കരാർ, കർഷക പ്രതിസന്ധി, സി.ബി.ഐ ചേരിപ്പോര് തുടങ്ങി നിരവധി വിഷയങ്ങളാണ് പാർലമെന്റിന് മുന്നിൽ എത്താനിരിക്കുന്നത്.