ന്യൂദൽഹി- അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് വി.എച്ച്.പിയുടെ മഹാസമ്മേളനം ദൽഹി രാംലീല മൈതാനത്ത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് റാലി മുന്നേറുന്നത്. ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽതന്നെ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ബിൽ പാസാക്കണമെന്നാണ് ആവശ്യം. രാമക്ഷേത്രത്തിനായി ഇനിയും കാത്തിരിക്കാനാകില്ലെന്നും ബില്ലിനെ മുഴുവൻ രാഷ്ട്രീയ കക്ഷികളും പിന്തുണക്കണമെന്നും വി.എച്ച്.പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ആവശ്യപ്പെട്ടു. അയോധ്യയിലെ ഭൂമി തർക്കകേസിൽ സുപ്രീം കോടതി ഉടൻ തീരുമാനമെടുക്കണം. ആർ.എസ്.എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും സമ്മേളനത്തിലുണ്ട്. അതേസമയം രാമക്ഷേത്രനിർമാണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം അയോധ്യയിൽ വി.എച്ച്.പി നടത്തിയ റാലിയിൽ നൂറോളം പേർ മാത്രമായിരുന്നു പങ്കെടുത്തത്.