ബുലന്ദ്ശഹര്‍- ഗോവധ അഭ്യൂഹം പരത്തി ഹിന്ദുത്വ തീവ്രവാദികള്‍ ബുലന്ദ്ശഹറില്‍ അഴിച്ചുവിട്ട കലാപത്തില്‍ പങ്കുള്ള സൈനികന്‍ ജീതു ഫൗജി എന്ന ജിതേന്ദ്ര മാലികിനെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശമീരിലെ സോപോറില്‍ നിന്ന് സൈന്യം കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നന് ഇവിടെ എത്തിയ ഉത്തര്‍ പ്രദേശ് പോലീസിന് കൈമാറി. അര്‍ധരാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 'ഈ സൈനികള്‍ പ്രകോപനമുണ്ടാക്കുകയും ആള്‍ക്കൂട്ടത്തെ ഇളക്കിവിടുന്നതും വ്യക്തമായി കാണുന്ന ദൃശ്യങ്ങളുണ്ട്. കല്ലേറിലും മറ്റു ഈ സൈനികന് പങ്കുണ്ടെന്ന് സൂചനയുണ്ട്. വിഡിയോകള്‍ക്കു പുറമെ മറ്റു സാഹചര്യ തെളിവുകളും സംഭവം ദിവസം ഇയാള്‍ സ്ഥലത്തുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നു. എന്തിന് ഒരു സൈനികന്‍ ആള്‍കൂട്ടത്തെ പ്രകോപിപ്പിച്ച് ഇളക്കി വിടുന്നു, എന്തിന് ഇദ്ദേഹം മുദ്രാവാക്യം വിളിച്ചു എന്നിവയൊക്കെ അന്വേഷിക്കേണ്ടതുണ്ട്,' ക്രമസമാധാന ചുമതലയുള്ള ഉന്നത പോലീസ് ഓഫീസര്‍ ആനന്ദ് കുമാര്‍ പറഞ്ഞു.
കലാപത്തിനിടെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ കുമാര്‍ സിങിനെ വെടിവച്ചത് ജിതേന്ദ്ര മാലിക് ആണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. കലാപത്തിന്റെ പ്രഭവ കേന്ദ്രമായ ബുലന്ദ്ശഹറിലെ പോലീസ് പോസ്റ്റിനു സമീപം ഇയാളെ കാണുന്ന നിരവധി ഫോട്ടോകളും ലഭിച്ചിട്ടുണ്ട്. കലാപക്കേസിലെ മുഖ്യപ്രതി ബജ്രംഗ്ദള്‍ നേതാവ് യോഗേഷ് രാജിനൊപ്പം നില്‍ക്കുന്ന ചിത്രം കൂട്ടത്തിലുണ്ട്.
അര്‍ദ്ധരാത്രി 12.50നാണ് സൈന്യം ഇയാളെ യുപി പോലീസിനു കൈമാറിയത്. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. യുപിയിലെ ബുലന്ദ്ശഹറിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും- മീറത്ത് പോലീസ് ഓഫീസര്‍ അഭിഷേക് സിങ് പറഞ്ഞു.
കരസേനയുടെ ഭാഗമായ രാഷ്ട്രീയ റൈഫിള്‍സില്‍ ജവാനാണ് ജിതേന്ദ്ര. ഇയാള്‍ 15 ദിവസത്തെ ലീവിനാണ് സ്വന്തം നാടായ ബുലന്ദ്ശഹറില്‍ എത്തിയിരുന്നത്. ഇതിനിടെയാണ് കലാപം നടന്നത്. കലാപ ദിവസത്തെ നിരവധി വിഡിയോ ദൃശ്യങ്ങളില്‍ ജിതേന്ദ്രയെ വ്യക്തമായി കണ്ടതോടെയാണ് ഇയാളുടെ പങ്ക് സ്ഥിരീകരിക്കപ്പെട്ടത്. പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ട ദിവസം വൈകുന്നേരം തന്നെ ഇയാള്‍ സേവനം ചെയ്യുന്ന സോപോറിലേക്ക് മുങ്ങുകയായിരുന്നു.