കൊല്ലം- പ്രവാസിയായ ഭർത്താവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. പുതുപ്പള്ളി ദേവികുളങ്ങര സഹദായുടെ മകൾ വിദ്യാമോൾ (29) ആണ് ഓച്ചിറ പോലീസ് പിടിയിലായത്. പോലീസ് നിരീക്ഷണത്തിലായിരുന്ന ഇവരെ കായംകുളത്ത് ജോലി ചെയ്തിരുന്ന ബേക്കറി കടയിൽ നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്. മറ്റു പ്രതികളായ യുവതിയുടെ കാമുകൻ ക്ലാപ്പന കല്ലേശേരിൽ സുരേഷ് (25), സുനീഷ് ഭവനത്തിൽ സുനീഷ് (27), വരവിള കടപ്പുറത്തേരിൽ കണ്ണനെന്ന് വിളിക്കുന്ന രാജീവ് (30) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം അഞ്ചിന് പുലർച്ചെ പ്രയാർ ജംഗ്ഷന് സമീപമാണ് രാജേഷിനെ മർദനമേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രാജേഷ് 9ന് രാവിലെ 11 മണിയോടാണ് മരിച്ചത്. ക്രൂരമായ മർദനത്തെ തുടർന്ന് ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണകാരണം. പ്രതിയായ സുരേഷും രാജേഷിന്റെ ഭാര്യ വിദ്യയുമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ മാസം രണ്ടിന് ഗൾഫിൽ നിന്നു നാട്ടിലെത്തിയ രാജേഷ് ഈ സംഭവവുമായി വഴക്കുണ്ടാക്കുകയും ഭാര്യയെ വീട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായി പ്രതികൾ ഗൂഢാലോചന നടത്തി മർദിച്ചവശനാക്കുകയായിരുന്നു.അഭിഷേക് (9) മകനാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.