Sorry, you need to enable JavaScript to visit this website.

'സൈന്യത്തെ ദുരുപയോഗം ചെയ്യാന്‍ മിസ്റ്റര്‍ 36ന് നാണമില്ല'; മോഡിക്കെതിരെ രാഹുലിന്റെ 'മിന്നലാക്രമണം'

ന്യൂദല്‍ഹി- അതിര്‍ത്തിയില്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് രാഷ്ട്രീയക്കാര്‍ അമിതപ്രചരണം നല്‍കുന്നതിനെതിരെ മുന്‍ ലെഫ്. ജനറല്‍ ഡി.എസ് ഹൂഡ രംഗത്തെത്തിയതിനു പിന്നാലെ പ്രധാനമന്ത്രി മോഡിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 'മിന്നലാക്രമണം'. 'സൈന്യത്തെ സ്വകാര്യ സ്വത്തു പോലെ ഉപയോഗിക്കുന്നതില്‍ ഒരു നാണവുമില്ല'- മോഡിക്കെതിരെ രാഹുല്‍ ട്വീറ്റ് ചെയ്തു. ലെഫ്. ജനറല്‍ ഹൂഡ പറഞ്ഞത് യഥാര്‍ത്ഥ ജനറലിന്റെ വാക്കുകളാണെന്നും ഹൂഡ ഇന്ത്യയുടെ അഭിമാനമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സൈന്യത്തെ സ്വകാര്യ സ്വത്തു പോലെ ഉപയോഗിക്കാന്‍ മിസ്റ്റര്‍ 36ന് ഒരു നാണവുമില്ല. സൈന്യം നടത്തിയ മിന്നലാക്രമണങ്ങള്‍ അദ്ദേഹം രാഷ്ട്രീയ മൂലധനമാക്കി. റഫാല്‍ കരാറിനെ അനില്‍ അംബാനിയുടെ യഥാര്‍ത്ഥ മൂലനധനം 30,000 കോടി ആക്കി ഉയര്‍ത്താനും ഉപയോഗിച്ചു- രാഹുല്‍ ആഞ്ഞടിച്ചു. 

56 ഇഞ്ച് നെഞ്ചളവിന്റെ പേരില്‍ പലപ്പോഴും മോഡിയെ കൊട്ടാറുള്ള രാഹുല്‍ ഇത്തവണ മിസ്റ്റര്‍ 36 എന്നു മോഡിയെ വിശേഷിപ്പിച്ചതും ശ്രദ്ധിക്കപ്പെട്ടു. അഴിമതി ആരോപണം നേരിടുന്ന, 36 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങിയ കരാറിനെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു ഈ പ്രയോഗമെന്ന് വ്യക്തം.

അതിര്‍ത്തിയില്‍ മിന്നലാക്രമണം നടത്തിയ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറായിരുന്നു ലെഫ്. ജനറല്‍ ഹൂഡ വെള്ളിയാഴ്ചയാണ് മിന്നലാക്രമണത്തെ രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ പ്രതികരിച്ചത്. ഇത് സൈന്യത്തിന് നല്ലതല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Related Story

Latest News