അഹമ്മദാബാദ്- സാമൂഹിക വൈജ്ഞാനിക മുന്നേറ്റം രാജ്യത്താകെ വിപുലമാക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ മർകസിന് കീഴിൽ ഹെൽത്ത് സിറ്റിയാരംഭിച്ചു. ഗുജറാത്തിലെ ഭറൂജിൽ നിർമിച്ച മൾട്ടി സ്‌പെഷ്യൽ മർകസ് ആയുർവേദ യുനാനി ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്താണ് മെഡിക്കൽ സിറ്റിയുടെ പ്രവർത്തനമാരംഭിച്ചത്. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഹോസ്പിറ്റൽ ഉദ്ഘാടനത്തിനു നേതൃത്വം നൽകി.
യുനാനി, ആയുർവേദം ഉൾപ്പെടെയുള്ള വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ ഏറ്റവും ആധുനികമായ രീതിയിലുള്ള സേവനം ഇവിടെ ഉണ്ടായിരിക്കും. മെഡിക്കൽ കോളേജ്, സെൻട്രൽ ഓഫ് എക്‌സലൻസ് ഇൻ ലൈഫ് സ്‌റ്റൈൽ ഡിസീസ് തുടങ്ങിയ പദ്ധതികളുടെ പ്രൊജക്റ്റ് ഓഫീസും ചടങ്ങിൽ കാന്തപുരം ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം തന്നെ ആയിരത്തോളം പേര് ചികിത്സ തേടി മർകസ് ഹോസ്പിറ്റലിൽ എത്തി. പാവപ്പെട്ടവർക്ക് പ്രത്യേക കിഴിവോടെയുള്ള ചികിത്സയാണ് ഇവിടെ ലഭ്യമാക്കുന്നത്. പ്രദേശത്തെ നിരവധി പേർക്ക് തൊഴിലും ഈ പദ്ധതിയിലൂടെ ലഭ്യമാകും.
യുനാനി മെഡിക്കൽ കോളേജ്, ഗൈനക്കോളജി ഡിപ്പാർട്ടമെന്റ്, വെൽനെസ്സ് ഹെൽത്ത് ക്ലബ്, ഓർഗാനിക് ഫാമിങ് തുടങ്ങിയ വിപുലമായ പദ്ധതികൾ ഹെൽത്ത് സിറ്റിയിൽ മർകസ് ലക്ഷ്യം വെക്കുന്നു. മെഡിക്കൽ രംഗത്ത് ശ്രദ്ധേയമായി പ്രവർത്തിക്കുന്ന ഇംതിബിഷ് ഹെൽത്ത് കെയറുമായി സഹകരിച്ചാണ് ഹോസ്പിറ്റൽ നടത്തുന്നത്.
ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നേരുന്ന സമൂഹങ്ങൾക്ക് മികച്ച രീതിയിൽ ഭാവിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്നും , ബഹുസ്വരതയും സാമൂഹിക സൗഹൃദവും ഉറപ്പാക്കി അത്തരം മേഖലകളിൽ രാജ്യത്താകെ പടുത്തുയർത്തുന്ന പദ്ധതികളുടെ ഭാഗമായാണ് ഹെൽത്ത് സിറ്റി രൂപപെടുന്നതെന്നും കാന്തപുരം പറഞ്ഞു.നിരവധി ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും മറ്റു വൈജ്ഞാനിക പദ്ധതികളും ഒരു പതിറ്റാണ്ടിലേറെയായി ഗുജറാത്തിൽ മർകസിന് കീഴിൽ നടന്നുവരുന്നുണ്ട്.
മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ അബ്ദുൽ സലാം, അപ്പോളോ മൂസഹാജി, ഇംതിബിഷ് ഹെൽത്ത് കെയർ എം.ഡി ഡോ യുകെ ശരീഫ്, ഡോ ഷാഹുൽഹമീദ്, ഡോ ഓകെ അബ്ദുറഹ്മാൻ, ഡോ യു മുജീബ്, ഡോ ഫൈസ്, ഡോ മഷൂദ്, ഗുലാം ആദം, ശമീം കെ.കെ ലക്ഷദീപ്, ആദം നൂറാനി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.