മേരിലാന്‍ഡ്- ചൊവ്വയില്‍ അടിച്ചുവീശിയ കാറ്റിന്റെ ശബ്ദം മാനവചരിത്രത്തില്‍ ആദ്യമായി മനുഷ്യന്‍ കേട്ടു! നവംബര്‍ 26ന് ചൊവ്വയിലിറങ്ങിയ യുഎസ് ബഹിരാകാശ ഏജന്‍സി നാസയുടെ ചൊവ്വ ഉപരിതല പര്യവേഷണ വാഹനമായ ഇന്‍സൈറ്റ് ലാന്‍ഡറാണ് ചൊവ്വാ ഗ്രഹത്തിലെ കാറ്റിന്റെ മര്‍മരം ഒപ്പിയെടുത്തത്. വെള്ളിയാഴ്ചയാണു നാസ ഇതു പുറത്തു വിട്ടത്. മണിക്കൂറില്‍ 10-15 മൈല്‍ വരെ വേഗതയുള്ള കാറ്റാണിതെന്ന് നാസ അറിയിച്ചു. ഇന്‍സൈറ്റ് ലാന്‍ഡറിനൊപ്പമുള്ള ചൊവ്വയിലെ കമ്പനങ്ങളെ കുറിച്ചു പഠിക്കാനുള്ള ഉപകരണമായ സിസ്‌മോമീറ്ററാണ് നേര്‍ത്ത കാറ്റിന്റെ ശബ്ദം ആദ്യം പിടിച്ചെടുത്തത്. പിന്നീട് ലാന്‍ഡറിലെ എയര്‍ പ്രഷര്‍ സെന്‍സറും ഈ കാറ്റിന്റെ ശബ്ദം ഒപ്പിയെടുത്തു. ഡിസംബര്‍ ഒന്നിനാണ് സിസ്‌മോമീറ്റര്‍ ഈ നേര്‍ത്ത മര്‍മരങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. ചൊവ്വയിലടിച്ചു വീശിയ കാറ്റ് ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ക്കു മുകളിലൂടെ കടന്നു പോയപ്പോഴായിരുന്നു ഇത്. നേര്‍ത്ത ഈ ശബ്ദം മനുഷ്യര്‍ക്ക് കേള്‍ക്കാവുന്ന തരത്തിലായിരുന്നു. ഹെഡ്‌ഫോണ്‍ അല്ലെങ്കില്‍ സബ്‌വൂഫര്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ വ്യക്തതയോടെ കേള്‍ക്കാം.