ലഖ്നൗ- ബുലന്ദ്ശഹറില്‍ ഗോവധ അഭ്യൂഹം പ്രചരിപ്പിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ അഴിച്ചു വിട്ട കലാപവും അതിനിടെ പോലീസ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടതും തടയുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ഉത്തര്‍ പ്രദേശ് പോലീസ് സമ്മതിച്ചു. സംസ്ഥാന പോലീസ് മേധാവി ഒ.പി സിങിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നത തല യോഗത്തില്‍ വീഴ്ച സംഭവിച്ച പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനും തീരുമാനിച്ചു. ബുലന്ദ്ശഹര്‍ സീനിയര്‍ പോലീസ് സുപ്രണ്ട് (എസ്.എസ്.പി) കൃഷ്ണ ബഹദൂര്‍ സിങ്, സിയാന സര്‍ക്കിള്‍ ഓഫീസര്‍ സത്യപ്രകാശ് ശര്‍മ, ചിന്‍ഗ്രാവതി പോലീസ് സ്റ്റേഷന് ചുമതല വഹിച്ച സുരേഷ് കുമാര്‍ എന്നീ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടാണ് ഡി.ജി.പി ഉത്തരവിട്ടത്. കൃഷ്ണ ബഹദൂറിന് പകരം സിതാപൂര്‍ എസ്.പി പ്രഭാകര്‍ ചൗധരിയെ ബുലന്ദ്ശഹര്‍ എസ്.എസ്.പിയായി നിയമിച്ചു. ബഹദൂറിനെ പേലാസീ ആസ്ഥാനത്തേക്കാണ് മാറ്റിയത്. സര്‍ക്കിള്‍ ഓഫീസര്‍ സത്യപ്രകാശിനെ മുറാദാബാദ് പോലീസ് ട്രെയ്നിങ് കോളെജിലേക്കും സുരേഷ് കുമാറിനെ ലളിത്പൂര്‍ ജില്ലയിലേക്കുമാണ് മാറ്റിയത്.
Related Stories
- ബുലന്ദ്ശഹര്‍ കലാപം: ഇന്‍സ്പെക്ടറെ വെടിവച്ച ജവാനെ സൈന്യം പിടികൂടി; പോലീസിനു കൈമാറും
- ബുലന്ദ്ഷഹർ കലാപം ആകസ്മികമെന്ന് യോഗി
പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ കുടാതെ കലാപകാരികളില്‍ ഉള്‍പ്പെട്ട സുമതി എന്ന യുവാവു കൂടി കൊല്ലപ്പെട്ട കലാവപുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്പെകടറെ വെടിവെച്ചെന്ന് സംശയിക്കുന്ന സൈനികനെയും പിടികൂടിയിട്ടുണ്ട്. സംഭവ ശേഷം മുങ്ങിയ ഇയാളെ ജമ്മു കശ്മീരില്‍ നിന്നും ബുലന്ദ്ശഹറില്‍ എത്തിക്കും.