തിരുവനന്തപുരം- റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിക്ക് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ സമൻസ്. കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ നൽകിയ മാനനഷ്ട കേസിലാണ് സമൻസ്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാരോപിച്ച് തരൂർ നൽകിയ കേസിൽ ഫെബ്രുവരി 28ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് സമൻസ്.
അർണാബിനെതിരെ പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടെന്നും നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മെയ് എട്ടിനും പതിമൂന്നിനും ഇടയിൽ ചാനലിൽ സംപ്രേഷണം ചെയ്ത വാർത്തകളാണ് കേസിനാസ്പദം.
അർണാബിനെ കൂടാതെ റിപ്പബ്ലിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എ.ആർ.ജി ഔട്ട്‌ലയർ മീഡിയയേയും എ.എൻ.പി.എല്ലിനേയും എതിർകക്ഷികളാക്കിയാണ് ശശി തരൂർ കേസ് ഫയൽ ചെയ്തത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തരൂർ കോടതിയെ സമീപിച്ചത്.