ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പോലീസ് ഓഫീസര്‍ കൊലപ്പെട്ട ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒമ്പതായി.
കേസില്‍ ഉള്‍പ്പെട്ട സൈനികന്‍ ജീതു ഫൗജിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ത്തേണ്‍ കമാന്‍ഡുമായി ബന്ധപ്പെട്ടു.
അതിര്‍ത്തി രക്ഷാസേനയില്‍ സേവനമനുഷ്ഠിക്കുന്ന ഇയാളെ കാര്‍ഗില്‍ സെക്ടറിലാണ് നിയോഗിച്ചിരിക്കുന്നത്. സൈനികനെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് സംഘം ജമ്മുവിലേക്ക് തിരിച്ചിട്ടുണ്ട്.
പോലീസ് ഓഫീസറടക്കം രണ്ടു പേര്‍ കൊലപ്പെട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ, സൈനികന്റെ കൃത്യമായ പങ്ക് കണ്ടെത്താനാകൂയെന്ന് പോലീസ് പറഞ്ഞു.