Sorry, you need to enable JavaScript to visit this website.

മൊബൈൽ ടവറുകൾ പ്രവർത്തിപ്പിക്കാൻ കഴുതകളുടെ സഹായം

കിഴക്കൻ ലൈത്തിലെ മലമുകളിൽ മൊബൈൽ ഫോൺ ടവർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇന്ധനം കഴുതപ്പുറത്ത് എത്തിച്ചപ്പോൾ. 

ജിദ്ദ - ലൈത്തിലെ ഗ്രാമങ്ങളിൽ ദിവസങ്ങളായി താറുമാറായ വാർത്താ വിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിന് കഴുതകളുടെ സഹായം പ്രയോജനപ്പെടുത്തി. അടുത്തിടെ ലൈത്തിലുണ്ടായ കനത്ത മഴയിൽ മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിച്ച മലമ്പ്രദേശങ്ങളിലേക്കുള്ള റോഡുകൾ തകർന്നതിനാൽ ടവറുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഇന്ധനം വാഹനങ്ങളിൽ എത്തിക്കുന്നതിന് സാധിച്ചിരുന്നില്ല. ഇതുമൂലം ടവറുകൾ നിശ്ചലമാവുകയും ലൈത്തിലെ ഗ്രാമങ്ങളിൽ രണ്ടാഴ്ചയോളമായി മൊബൈൽ ഫോൺ സേവനങ്ങൾ തടസ്സപ്പെടുകയും ചെയ്തിരുന്നു. 
വാർത്താ വിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ ടെലികോം കമ്പനികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിനിടെയാണ് മൊബൈൽ ഫോൺ ടവറുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇന്ധനം വിതരണം ചെയ്യുന്നതിന്റെ കരാറേറ്റെടുത്ത സ്വകാര്യ കമ്പനി ഇന്നലെ കഴുതപ്പുറത്ത് ഇന്ധനം എത്തിച്ചത്. ലൈത്തിന് കിഴക്കുള്ള മലകൾക്ക് മുകളിലെ ടവറുകളിൽ ഇന്ധനം എത്തിക്കുന്നതിന് കമ്പനി ഏതാനും കഴുതകളെ ഉപയോഗപ്പെടുത്തി. ഇന്ധനം എത്തിച്ച് ടവറുകൾ വീണ്ടും പ്രവർത്തിപ്പിച്ചതോടെ ലൈത്തിലെ ഗ്രാമങ്ങളിൽ മൊബൈൽ ഫോൺ സേവനം സാധാരണ നിലയിലായി. 

Latest News