ലഖ്‌നൗ - ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽ പോലീസ് ഓഫീസർ കൊല്ലപ്പെടാനിടയാക്കിയ കലാപം ആൾക്കൂട്ട കൊലപാതകമല്ലെന്നും ആകസ്മിക സംഭവമാണെന്നും സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ദൽഹിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.
കലാപം ഉണ്ടായി നാല് ദിവസത്തിനു ശേഷമാണ് മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഘപരിവാർ അക്രമികൾ നടത്തിയ കലാപത്തിൽ പോലീസ് ഓഫീസർ സുബോധ് കുമാർ സിംഗ് തലയക്ക് വെടിയേറ്റ് മരിക്കുന്നത്. ആൾക്കൂട്ടത്തിന്റെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ തലയിലേക്ക് ബോധപൂർവം നിറയൊഴിക്കുകയായിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ നാട്ടുകാരനായ യുവാവും കൊല്ലപ്പെട്ടിരുന്നു.
സുബോധ് കുമാർ സിംഗിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബജ്‌റംഗ് ദൾ നേതാവ് യോഗേഷ് കുമാറിനെയാണ് അറസ്റ്റ് ചെയതത്. ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 90 ഓളം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുലന്ദ്ഷഹറിൽ പശുവിനെ കശാപ്പ് ചെയ്തതിലെ പ്രതിഷേധമാണ് കലാപമായി മാറിയതെന്നാണ് ഒരു വിശദീകരണം. എന്നാൽ തങ്ങൾക്ക് ഇഷ്ടമില്ലാത്ത സുബോധ് കുമാറിനെ കൊലപ്പെടുത്താൻ സംഘപരിവാർ ബോധപൂർവം സൃഷ്ടിച്ചതാണ് കലാപമെന്നും റിപ്പോർട്ടുണ്ട്. ദാദ്രിയിൽ ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ടം അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് അന്വേഷിക്കുകയും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്ത ഓഫീസറാണ് സുബോധ് കുമാർ സിംഗ്.