Sorry, you need to enable JavaScript to visit this website.

ശബരിമല: ഹരജികൾ വേഗത്തിൽ  പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

  • സംസ്ഥാന സർക്കാറിന്റെ ആവശ്യം തള്ളി

ന്യൂദൽഹി - ശബരിമല വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരായ ഹരജികൾ വേഗത്തിൽ പരിഗണിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഹരജികൾ സാധാരണ ക്രമത്തിൽ മാത്രമേ പരിഗണിക്കാനാകൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. മൂന്നംഗ നിരീക്ഷണ സമിതിയെ നിയമിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് നൽകിയ ഹരജിയും ശബരിമല വിഷയത്തിൽ ഹൈക്കോടതിയിലെ ഹരജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ട്രാൻസ്ഫർ ഹരജിയും വേഗത്തിൽ പരിഗണിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യമാണ് കോടതി നിരാകരിച്ചത്. 
ഇന്നലെ രാവിലെ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയാണ് ഹരജി കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് ശേഷം നിരവധി ഹരജികളാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടത്. ശബരിമലയിൽ ഹൈക്കോടതി മൂന്നംഗ നിരീക്ഷണ സമിതിയെ നിയമിച്ചു. ഈ സമിതിയെ ചോദ്യം ചെയ്തും ഹൈക്കോടതിയിലെ ഹരജികൾ സുപ്രീം കോടതിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടും സർക്കാർ ഹരജികൾ നൽകിയിട്ടുണ്ട്. ഇവ വേഗത്തിൽ പരിഗണിക്കണമെന്ന് ഹൻസാരിയ പറഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ ആവശ്യത്തിൽ ഒന്നും ഉരിയാടാതെ, ഹരജികൾ വേഗത്തിൽ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കൈകൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു. ഇതോടെ, മൂന്നംഗ സമിതിയെ നിയമിച്ച ഹൈക്കോടതിയുടെ ഉത്തരവ് വീണ്ടും ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപെടുത്താൻ ശ്രമിച്ച ഹൻസാരിയയ്ക്ക് ചീഫ് ജസ്റ്റിസ്, പരിഗണിക്കാൻ ആകില്ലെന്ന സൂചന രണ്ടാമതും നൽകി. ഇതോടെ, എങ്കിൽ ഹരജി സാധാരണ ക്രമത്തിൽ ലിസ്റ്റ് ചെയ്യട്ടെ എന്ന് വിജയ് ഹൻസാരിയ ചോദിച്ചു. അങ്ങനെയെങ്കിൽ പിന്നെന്തിനാണ് മെൻഷൻ ചെയ്തതെന്നായി ചീഫ് ജസ്റ്റിസ്. എല്ലാവരും ഇത് മനസ്സിലാക്കിയാൽ മെൻഷനിങ് രീതി തന്നെ ഇല്ലാതാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Latest News