ഇടുക്കി- പശ്ചിമഘട്ട മേഖലയെ സംബന്ധിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയില്ലെങ്കിലും പുതുക്കിയ കരട് വിജ്ഞാപനത്തിലെ ഭേദഗതി ഹൈറേഞ്ചിന് ആശ്വാസമാകും. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ 5ാം വകുപ്പ് ഉപയോഗിച്ച്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2013 നവംബർ 13ന് പുറത്തിറക്കിയ നിരോധന ഉത്തരവ്, ഇന്നലെ പുതുക്കിയ കരട് വിജ്ഞാപനത്തിൽ ഭേദഗതി ചെയ്തത് ഹൈറേഞ്ചിലെ നിർമാണ പ്രവർത്തനങ്ങൾക്കുണ്ടായിരുന്ന വിലക്ക് നീക്കും. നിർമാണ സാമഗ്രികളുടെ ദൗർലഭ്യം ഇല്ലാതാകും. ഇടുക്കി മെഡിക്കൽ കോളേജിനടക്കം ഇതോടെ പാരിസ്ഥിതിക അനുമതി ലഭിക്കുമെന്നതാണ് ശ്രദ്ധേയ കാര്യം.
യു പി എ സർക്കാർ കസ്തൂരിരംഗൻ റിപ്പോർട്ട് അംഗീകരിച്ചപ്പോൾ പരിസ്ഥിതി ദുർബല പ്രദേശമായി കണ്ടെത്തിയിരുന്ന മുഴുവൻ സ്ഥലവും ഇ.എസ്.എ ആയി പ്രഖ്യാപിച്ച് നിരോധനങ്ങൾ ഏർപ്പെടുത്തിയിരുന്നു. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം 5-ാം വകുപ്പ് പ്രകാരം നിരോധനങ്ങൾ ഏർപ്പെടുത്തിയാണ് 2013 നവംബർ 13 ന് ഉത്തരവുണ്ടായത്. ഇതിനെതിരെ പ്രക്ഷോഭം ഉയർന്നതോടെ, 2014 മാർച്ച് 10 ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ കസ്തൂരിരംഗൻ ശുപാർശ ചെയ്ത 13108 ചതുരശ്ര കിലോമീറ്ററിൽ നിന്നും 3115 ചതുരശ്ര കിലോ മീറ്റർ ഒഴിവാക്കി 9993 ചതുരശ്ര കിലോ മീറ്റർ ആയിരുന്നു കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശ വിസ്തൃതി. എന്നാൽ കരട് വിജ്ഞാപനം ഇറക്കിയപ്പോഴും മുഴുവൻ വില്ലേജുകളിലും നവംബർ 13 ലെ ഉത്തരവിലെ നിരോധനങ്ങൾ നിലനിന്നിരുന്നു.
കേരളത്തിലെ 8656 ചതുരശ്ര കിലോമീറ്റർ വനമേഖലയിൽ മാത്രമായി ഇഎസ്എ നിജപ്പെടുത്തിയ റിപ്പോർട്ടും ഭൂപടവും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാനം നൽകിയിരുന്നു. എന്നാൽ സമീപകാലത്തുണ്ടായ പ്രളയത്തിന്റെ പേരിൽ ചിലർ ഗ്രീൻ ട്രൈബ്യൂണലിനെ സമീപിച്ച് ഇ.എസ്.എ വിസ്തൃതി കുറയ്ക്കരുതെന്ന ഉത്തരവു വാങ്ങി. ഇതിനിടെ 2013 നവംബർ 13 ലെ ഉത്തരവിൽ നിന്നും, കരട് വിജ്ഞാപനത്തിൽ ഒഴിവാക്കപ്പെട്ട 3115 ചതുരശ്ര കിലോ മീറ്റർ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ജോയ്സ് ജോർജ് എം. പി യും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു. ഇടുക്കി മെഡിക്കൽ കോളജിൽ 2019 ൽ കുട്ടികൾക്ക് പ്രവേശനം നൽകാനുളള തടസവും, നിർമാണ സാമഗ്രികളുടെ ദൗർലഭ്യം മൂലം റോഡ് നിർമാണവും വികസന പ്രവർത്തനവും നടക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചാണ് പരിസ്ഥിതി മന്ത്രാലയത്തിൽ ഇടപെട്ടത്.
പ്രളയാനന്തര പുനർനിർമാണത്തിന് നിരോധന ഉത്തരവ് മാറ്റിത്തരണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കേന്ദ്രത്തെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2013 നവംബർ 13 ലെ നിരോധന ഉത്തരവ് ഭേദഗതി ചെയ്തത്.