റിയാദ് - സൗദിയിൽ നിർമിച്ച രണ്ടു സാറ്റലൈറ്റുകൾ ചൈന റോക്കറ്റ് ഉപയോഗിച്ച് ഭ്രമണപഥത്തിലെത്തിച്ചു. ഭൗമ നിരീക്ഷണത്തിനുള്ള സാറ്റലൈറ്റുകൾ കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്നോളജി ആണ് വികസിപ്പിച്ചത്. ചൈനയിലെ പ്രാദേശിക സമയം ഇന്നലെ ഉച്ചക്ക് 12.12 ന് ആണ് ജിയുഖ്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് 'ലോംഗ് മാർച്ച് 2 ഡി' എന്ന റോക്കറ്റ് ഉപയോഗിച്ച് സൗദി സാറ്റലൈറ്റുകൾ ഭ്രമണപഥത്തിൽ എത്തിച്ചത്. സൗദി സാറ്റ് 5 എ, സൗദി സാറ്റ് 5 ബി എന്നീ പേരുകളിൽ അറിയപ്പെടുന്ന സാറ്റലൈറ്റുകൾ സൗദി അറേബ്യയുടെ ഏറെ കൃത്യതയാർന്ന രണ്ടാം നിര സാറ്റലൈറ്റുകളുടെ നിരയിൽ പെട്ടതാണ്.
താഴ്ന്ന ഭ്രമണപഥത്തിൽ നിന്ന് ഭൗമപ്രതലത്തിന്റെ കൃത്യതയാർന്ന ഫോട്ടോകൾ ഗവൺമെന്റ് വകുപ്പുകൾക്ക് ലഭ്യമാക്കുന്നതിന് പുതിയ സാറ്റലൈറ്റുകൾ പ്രയോജനപ്പെടുത്തും. കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്നോളജി ആസ്ഥാനത്തെ അഡ്വാൻസ്ഡ് കൺട്രോൾ സ്റ്റേഷൻ വഴിയാണ് സാറ്റലൈറ്റുകൾ പ്രവർത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക. രണ്ടായിരാമാണ്ടിനും 2017 നും ഇടയിലുള്ള കാലത്ത് കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്നോളജി 13 സൗദി സാറ്റലൈറ്റുകൾ വിക്ഷേപിച്ചിട്ടുണ്ട്. നാസയുമായും സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയുമായും സഹകരിച്ച് 2014 ൽ സൗദി സാറ്റ് നാല് ഉപയോഗിച്ച് ശൂന്യാകാശത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിലും കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്നോളജി പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചാംഗ് 4 ലും കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്നോളജി സഹകരിച്ചിട്ടുണ്ട്.