- കലാപ സ്ഥലത്തുണ്ടായിരുന്ന സൈനികന്‍ അന്നു വൈകുന്നേരം തന്നെ കാര്‍ഗിലിലേക്കു തിരിച്ചു പോയി
ബുലന്ദ്ഷഹര്‍- ഗോവധ അഭ്യൂഹത്തെ തുടര്‍ന്ന് ഹിന്ദുത്വ തീവ്രവാദികള്‍ തിങ്കളാഴ്ച ബുലന്ദ്ഷഹറില്‍ അഴിച്ചുവിട്ട കലാപത്തിനിടെ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത് ജീതു ഫൗജിയെന്ന ജവാന്റെ വെടിയേറ്റെന്ന് സംശയം. പോലീസിനെ ആക്രമിച്ച കലാപകാരികളായ ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നു ഈ ജവാനെന്ന സംശയം ബലപ്പെട്ടിരിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ശ്രീനഗറില്‍ പോസറ്റ് ചെയ്യപ്പെട്ട സൈനികനാണ് ജീതു ഫൗജി. ഇയാളെ കണ്ടെത്തുന്നതിന് രണ്ടു പോലീസ് സംഘങ്ങള്‍ ജമ്മു കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.
കലാപ ദിവസം നടന്ന സംഭവങ്ങളുടെ വിവിധ വിഡിയോ ദൃശ്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയതാണ് സംശയം ബലപ്പെടാന്‍ ഇടയാക്കിയത്. കാലപ ദിവസം സംഭവസ്ഥലത്ത് ജീതു ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ ദിവസം തന്നെ ഇയാള്‍ കാര്‍ഗിലിലേക്കു തിരിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. കലാപ സ്ഥലത്തു നിന്ന് തിരിച്ചെത്തിയ അദ്ദേഹം ഈ നാടകം കാണൂവെന്ന് പറഞ്ഞിരുന്നെന്നും അന്നു വൈകുന്നേരം തന്നെ തിരിച്ചു കാര്‍ഗിലിലേക്കു പുറപ്പെട്ടെന്നും ജീതുവിന്റെ അമ്മായി ചന്ദ്രവതി പറഞ്ഞു.
പോലീസിനു ലഭിച്ച കലാപത്തിന്റെ വിഡിയോകളില്‍ ഒന്നില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടറുടെ സമീപത്ത് ജീതുവിനോട് സാമ്യമുള്ള ഒരാള്‍ നില്‍ക്കുന്ന ദൃശ്യങ്ങളുണ്ട്. കലാപം തടയുന്നതിന് ഗ്രാമത്തിലെത്തിയ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ ആക്രമികള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പോലീസിനെ ആക്രമിക്കൂ... തോക്ക് പിടിച്ചെടുക്കൂ.. എന്ന് വിളിച്ചു പറയുന്ന വിഡിയോ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.