Sorry, you need to enable JavaScript to visit this website.

കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ്  ബോണ്ടുകളിലും വൻ അഴിമതി 

ന്യൂദൽഹി- രാഷ്ട്രീയ പാർട്ടികൾക്കുള്ള കോർപറേറ്റ് സംഭാവനകൾക്കായി നരേന്ദ്ര മോഡി സർക്കാർ കൊണ്ടുവന്ന തെരഞ്ഞെടുപ്പു ബോണ്ടുകളിൽ തിരിമറിയെന്ന് ആരോപണം. തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴിയുള്ള സംഭാവനകളുടെ 95 ശതമാനവും ബി.ജെ.പിക്കാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ദി ക്വിന്റ് എന്ന ഓൺലൈൻ പോർട്ടൽ നടത്തിയ അന്വേഷണത്തിലാണ് ഈ വൻ തട്ടിപ്പ് പുറത്തു വന്നത്.
ബോണ്ടിൽ രഹസ്യ കോഡ് രേഖപ്പെടുത്തി ബി.ജെ.പി സംഭാവന ഏതാണ്ട് മുഴുവനായും സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. 2018 ഒക്ടോബർ വരെ കമ്പനികൾ മൊത്തം 873 കോടി രൂപയുടെ ബോണ്ടുകൾ സംഭാവനക്ക് വേണ്ടി വാങ്ങിയതിൽ 810 കോടിയും പോയത് ബി.ജെ.പിയുടെ അക്കൗണ്ടിലേക്കായിരുന്നു. മൊത്തം വിറ്റ ബോണ്ടുകളുടെ 95 ശതമാനം വരും ഇത്. കഴിഞ്ഞ മാർച്ചിൽ മാത്രം ബി.ജെ.പി ഇങ്ങനെ 210 കോടി സമാഹരിച്ചു.
കഴിഞ്ഞ ബജറ്റിലായിരുന്നു തെരഞ്ഞെടുപ്പ് ബോണ്ടുകൾ എന്ന നിർദേശം മോഡി സർക്കാർ കൊണ്ടുവന്നത്. രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന കള്ളപ്പണമായി നൽകുന്നത് ഒഴിവാക്കാനാണ് ഇലക്ടറൽ ബോണ്ട് എന്നായിരുന്നു സർക്കാർ പറഞ്ഞത്. ബോണ്ട് വാങ്ങുന്ന കമ്പനികളെ കുറിച്ചും ഏത് പാർട്ടിക്കാണ് നൽകുന്നത് എന്നതുമടക്കം യാതൊരു വിവരവും പുറത്തു വിടില്ലെന്നാണ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അന്ന് പറഞ്ഞിരുന്നത്. വിവരാവകാശ നിയമവും ഈ സംഭാവനക്ക് ബാധകമല്ല. 95 ശതമാനം ബോണ്ട് സംഭാവനയും ബി.ജെ.പിക്ക് പോകുന്നത് സംഭാവന നൽകുന്നവർക്ക് മറ്റു പാർട്ടികളോട് താൽപര്യമില്ലാത്തതു കൊണ്ടല്ലെന്നും ഇതോടെ വ്യക്തമാവുന്നു. 
ഓരോ ബോണ്ടിന്റേയും മുകളിൽ വലതു മൂലയിലായി ഒരു രഹസ്യ കോഡ് നമ്പർ കൊടുത്തിട്ടുണ്ട്. അൾട്രാവയലറ്റ് രശ്മി ഉപയോഗിച്ചാൽ മാത്രമേ ഈ നമ്പർ കാണാൻ കഴിയൂ. ഈ നമ്പർ സ്‌കാൻ ചെയ്താൽ ബോണ്ട് ആരാണ് വാങ്ങിയത്, ഏതു പാർട്ടിക്കാണ് സംഭാവന നൽകുന്നത് എന്നതടക്കമുള്ള വിവരങ്ങൾ പൂർണമായി അറിയാൻ കഴിയും. ഈ രഹസ്യ കോഡ് ഉപയോഗിച്ച് സർക്കാർ സംഭാവന നൽകുന്നവരെ നിരീക്ഷിക്കുന്നു എന്ന് മനസ്സിലാക്കിയാണ് കോർപറേറ്റുകൾ ബോണ്ട് വഴിയുള്ള സംഭാവനകൾ ബി.ജെ.പിക്ക് മാത്രം നൽകുന്നത്.
സംഭാവനയുടെ വിവരങ്ങൾ മനസിലാകുന്നത് വഴി ബി.ജെ.പി രണ്ടു നേട്ടം കൊയ്യുകയാണ്. ഒന്ന് മറ്റു പാർട്ടികൾക്ക് നിയമ വിധേയമായി സംഭാവന ലഭിക്കുന്നത് വളരെ കുറയ്ക്കാൻ കഴിയുന്നു. ഇതിനു പുറമെ എതിർ പാർട്ടികൾക്ക് സംഭാവന നൽകുന്ന കമ്പനികളെ വിരട്ടി നിർത്തുന്നു. ബി.ജെ.പിക്ക് ലഭിക്കുന്ന സംഭാവന പൂർണമായും നിയമ വിധേയമായ പണമായി മാറുന്നു എന്ന മറ്റൊരു നേട്ടം കൂടിയുണ്ട്. 
ക്വിന്റ് രണ്ടു ഇലക്ടറൽ ബോണ്ടുകൾ വാങ്ങി ഫോറൻസിക് ലാബുകളിൽ പരിശോധന നടത്തിയപ്പോഴാണ് രഹസ്യ കോഡ് രേഖപ്പെടുത്തിയ വിവരം പുറത്തുവന്നത്. സംഭാവന സംബന്ധിച്ച ഒരു വിവരവും പുറത്തു വിടില്ലെന്ന ഉറപ്പാണ് ഈ സ്‌കീമിനെക്കുറിച്ച് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇതിന്റെയെല്ലാം മറവിൽ സർക്കാർ തന്നെ സംഭാവന നൽകിയ വിവരങ്ങൾ മനസിലാക്കി ജനങ്ങളെയും മറ്റു രാഷ്ട്രീയ പാർട്ടികളെയും ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.
 

Latest News