കൊച്ചി- തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നുള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കു നേരിട്ടുള്ള വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയരും. ഗള്‍ഫ് സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്ന പ്രധാന വിമാന കമ്പനികളിലൊന്നായ ജെറ്റ് എയര്‍വേയ്‌സും ഇന്‍ഡിഗോ എയര്‍ലൈന്‍സും ദുബായ്, അബുദബി, ദോഹ, മസക്കത്ത് എന്നിവിടങ്ങളിലേക്കുള്ള 39 സര്‍വീസുകള്‍ റദ്ദാക്കിയതാണ് പ്രധാന കാരണം. ആഴ്ചയില്‍ 39 വിമാന സര്‍വീസുകള്‍ നിലച്ചതോടെ ടിക്കറ്റിന് ആവശ്യക്കാരേറും. സമ്മര്‍ അവധിക്കായി യാത്രക്കൊരുങ്ങുന്ന നിരവധി ഇന്ത്യന്‍ കുടുംബങ്ങളേയും പ്രവാസികളെയും വരും ദിവസങ്ങളില്‍ ഇതു ബാധിക്കും. രണ്ടു ദിവസം മുമ്പാണ് ജെറ്റ് എയര്‍വേയ്‌സ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.
ഗള്‍ഫ് സെക്ടറില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്ന ജെറ്റ് എയര്‍വേയ്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതാണ് സര്‍വീസ് നിര്‍ത്താന്‍ കാരണം. മത്സരം കൂടുകയും ഡിമാന്‍ഡ് കുറയുകയും ചെയ്തതോടെ ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ സാമ്പത്തികമായി ലാഭകരമാല്ലാതായതാണ് ഗള്‍ഫിലേക്കുള്ള ഓപറേഷന്‍ പിന്‍വലിക്കാന്‍ ജെറ്റിനെ നിര്‍ബന്ധിതരാക്കിയത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്കും അബുദബിയിലേക്കുമുള്ള സര്‍വീസ് ജെറ്റ് ഡിസംബര്‍ അഞ്ചു മുതല്‍ നിര്‍ത്തിയിട്ടുണ്ട്. മാംഗ്ലൂര്‍-ദുബായ് സര്‍വീസും നിര്‍ത്തി. മസ്‌ക്കത്തില്‍ നിന്ന് മുംബൈയിലേക്കും ന്യൂദല്‍ഹിയിലേക്കുമുള്ള സര്‍വീസുകളും നിര്‍ത്താനിരിക്കുകയാണ്. ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ കോഴിക്കോട് നിന്നും ചെന്നൈയില്‍ നിന്നും ഗള്‍ഫിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിയത്. ഇപ്പോള്‍ ഗള്‍ഫില്‍ നിന്നും കൊച്ചി, മുംബൈ, അഹമദാബാദ് എന്നീ നഗരങ്ങളിലേക്കു മാത്രമാണ് ഇന്‍ഡിഗോ സര്‍വീസുള്ളത്.
Related Stories
-ജെറ്റ് പ്രതിസന്ധി ഗുരുതരം; രക്ഷാ മാര്‍ഗം തേടി ഇത്തിഹാദ്
-ജെറ്റ് എയര്‍വേയ്‌സിനെ യൂസഫലി രക്ഷിക്കുമോ? നിക്ഷേപം തേടി ലുലു ഗ്രൂപ്പിനെ സമീപിച്ചു
ആഴ്ചയില്‍ 39 നേരിട്ടുള്ള സര്‍വീസുകള്‍ ഇല്ലാതായതോടെ യാത്രക്കാര്‍ക്ക് മറ്റു വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ ടിക്കറ്റ് ലഭ്യത പരിമിതമായിരിക്കും. യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകാനിടയില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ സൂചന നല്‍കുന്നു. നേരിട്ടുള്ള സര്‍വീസുകള്‍ തെരഞ്ഞെടുക്കുന്നവരെ ഇതു സാരമായി ബാധിക്കും. ഇവര്‍ക്ക് അധികമായി പണം മുടക്കേണ്ടി വരും. വലിയ അളവില്‍ സര്‍വീസുകള്‍ നിര്‍ത്തിയത് മത്സരം കുറയാന്‍ ഇടയാക്കും. ഈ സാഹചര്യം മുതലെടുത്താണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുക.
യാത്രാ ചെലവ് കൂടുന്നതോടെ നിരവധി പേര്‍ക്ക് കണക്ഷന്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തേണ്ടിവരും. താരതമ്യേന നിരക്ക് കുറവാണെങ്കിലും യാത്രാ ദൈര്‍ഘ്യം ഏറുന്നതാണ് ഈ സര്‍വീസുകള്‍ അത്ര സ്വീകാര്യമല്ലാതിരിക്കാന്‍ ഒരു കാരണം.