Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് തുടങ്ങി

ജയ്പൂര്‍/ഹൈദരാബാദ്- വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനിലും തെലങ്കാനയിലും വെള്ളിയാഴ്ച വോട്ടെടുപ്പ് തുടങ്ങി. തെലങ്കാനയില്‍ 119 സീറ്റുകളിലേക്കാണ് മത്സരം. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവിന്റെ നേതൃത്വത്തിലുള്ള ടി.ആര്‍.എസിനെതിരെ ബദ്ധവൈരിയായ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും കോണ്‍ഗ്രസും ഒന്നിച്ച സംഖ്യമാണ് രംഗത്തുള്ളത്. തെലങ്കാന സംസ്ഥാന രൂപീകരണ ശേഷം ആദ്യമായി അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പ്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് എട്ടു മാസം മുമ്പ്് സര്‍ക്കാരിനെ പിരിച്ചു വിടുകയായിരുന്നു ചന്ദ്രശേഖര്‍ റാവു. കോണ്‍ഗ്രസ്-ടിഡിപി സഖ്യം ജയിച്ചാല്‍ അത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിലും അനുരണനങ്ങളുണ്ടാക്കും. സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമങ്ങളുമായി ബി.ജെ.പിയും രംഗത്തുണ്ട്. കഴിഞ്ഞ തവണ 63 സീറ്റു നേടിയാണ് ടി.ആര്‍.എസ് അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് 21, ടിഡിപിക്ക് 15ഉം സീറ്റ് ലഭിച്ചിരുന്നു. ഏഴു സീറ്റുകള്‍ നേടിയ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി ടി.ആര്‍.എസ് അടുപ്പത്തിലാണ്.

ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ 199 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണനേട്ടങ്ങളാണ് ജയസാധ്യതയായി മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും വിമതസ്വരങ്ങളും കോണ്‍ഗ്രസിന്റെ ശക്തമായ മുന്നേറ്റവും ബി.ജെ.പിക്ക് ഭീഷണിയാണ്. സംസ്ഥാനത്ത് വലിയ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും ഇത് തങ്ങളുടെ സാധ്യത കൂട്ടുമെന്നുമാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഏറ്റവുമൊടുവില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ അജ്‌മേര്‍, അല്‍വാര്‍ ലോക്‌സഭാ സീറ്റുകളും മണ്ഡല്‍ഗഢ് നിയമസഭാ സീറ്റും ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമാണെന്നും അമിത് ഷായും മോഡിയും വന്ന് നടത്തിയ പ്രചരണങ്ങള്‍ വലിയ ചലനമുണ്ടാക്കില്ലെന്നുമാണ് കോണ്‍ഗ്രസ അധ്യക്ഷന്‍ സചിന്‍ പൈലറ്റ് പറയുന്നത്. 1993നു ശേഷം നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളില്‍ രാജസ്ഥാനില്‍ ബി.ജെ.പിയും കോണ്‍ഗ്രസും മാറിമാറി അധികാരത്തിലെത്തിയിട്ടുണ്ട്.  
 

Latest News