Sorry, you need to enable JavaScript to visit this website.

എണ്ണ ഉൽപാദനം കുറക്കൽ: അമേരിക്കയുടെ ഭീഷണിവേണ്ടെന്ന് സൗദി 

റിയാദ് - എണ്ണയുൽപാദനം കുറക്കാനുള്ള തീരുമാനമെടുക്കാൻ സൗദിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്കുള്ള മറുപടിയായാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഒപെക് എന്ത് തീരുമാനം കൈക്കൊള്ളണമെന്നും ഏതു രീതിയിൽ പ്രവർത്തിക്കണമെന്നും കൽപിക്കാൻ അമേരിക്കക്ക് അവകാശമില്ലെന്നു വിയന്നയിൽ ഒപെക് യോഗത്തിനു തൊട്ടുമുമ്പ് ഖാലിദ് അൽഫാലിഹ് പറഞ്ഞു. എണ്ണയുൽപാദനം കുറക്കരുതെന്ന് ഒപെക് രാജ്യങ്ങളോട് ബുധനാഴ്ച ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ആഗോള വിപണിയിൽ എണ്ണ വില താഴ്ന്നു നിൽക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നിയന്ത്രണമില്ലാതെ എണ്ണയുൽപാദനം ഒപെക് തുടരണം. എണ്ണ വില ഉയരുന്നത് ലോകം ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു. 
ഇതിനുള്ള മറുപടിയെന്നോണമാണ് ഉൽപാദനം കുറക്കാൻ ആരുടെയും അനുമതി ആവശ്യമില്ലെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി വ്യക്തമാക്കിയത്. ആഗോള വിപണിയിൽ സ്ഥിരത വീണ്ടെടുക്കുന്നതിന് ഉൽപാദനം പര്യാപ്തമായ തോതിൽ കുറക്കുന്നതിന് ഒപെക് ആഗ്രഹിക്കുന്നതായി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഉൽപാദനം കുറക്കുന്നതിനുള്ള തീരുമാനം ഒപെക് യോഗത്തിലുണ്ടായേക്കും. പ്രതിദിന ഉൽപാദനത്തിൽ പത്തു ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016 അവസാനത്തിൽ നിർണയിച്ച നിലവാരത്തിൽനിന്ന് പത്തു ലക്ഷം ബാരൽ കുറക്കുന്നതിനാണോ അതല്ല, ഒക്‌ടോബർ, നവംബർ മാസങ്ങളിലെ ഉൽപാദന നിലവാരത്തിൽ നിന്ന് ഇത്രയും കുറക്കുന്നതിനാണോ ലക്ഷ്യമിടുന്നത് എന്ന കാര്യം മന്ത്രി വ്യക്തമാക്കിയില്ല. 
അന്താരാഷ്ട്ര ഊർജ ഏജൻസി കണക്കുകൾ പ്രകാരം ഒക്‌ടോബറിൽ ഒപെക് രാജ്യങ്ങളുടെ പ്രതിദിന ഉൽപാദനം 32.99 ദശലക്ഷം ബാരലായിരുന്നു. നവംബറിൽ ഉൽപാദനം ഉയർത്തിയതായി സൗദി അറേബ്യ അറിയിച്ചിരുന്നു. പ്രതിദിന ഉൽപാദനത്തിൽ പത്തു ലക്ഷം ബാരലിന്റെ കുറവ് വരുത്തുന്നത് വിപണിയിൽ സ്ഥിരത വീണ്ടെടുക്കുന്നതിന് പര്യാപ്തമാകില്ലെന്നാണ് നിരീക്ഷകർ കരുതുന്നത്. സൗദി ഊർജ മന്ത്രിയുടെ പ്രസ്താവനക്കു പിന്നാലെ ആഗോള വിപണിയിൽ എണ്ണ വില അഞ്ചു ശതമാനം തോതിൽ ഇടിഞ്ഞ് ബാരലിന് 58.62 ഡോളറിലെത്തി.
 

Latest News