റിയാദ് - യെമനിൽ നിയമാനുസൃത ഭരണകൂടവും ഹൂത്തി മിലീഷ്യകളും തമ്മിലുണ്ടാക്കിയ ബന്ദി കൈമാറ്റ കരാറിനെ ബ്രിട്ടൻ സ്വാഗതം ചെയ്തു. സ്വീഡനിൽ ഇന്നലെ ആരംഭിച്ച സമാധാന ചർച്ചക്കിടെ ഇരു വിഭാഗവും ബന്ദി കൈമാറ്റ കരാർ ഒപ്പുവെച്ചതായി യെമനിലേക്കുള്ള യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സ് അറിയിച്ചിരുന്നു. ബന്ദി കൈമാറ്റം ക്രിയാത്മക ചുവടുവെപ്പാണെന്ന് ബ്രിട്ടീഷ് വിദേശ മന്ത്രി ജെരിമി ഹണ്ട് പറഞ്ഞു. സ്വീഡനിൽ നടക്കുന്ന ചർച്ചകൾ ഇരു വിഭാഗത്തിനുമിടയിൽ പരസ്പര വിശ്വാസത്തിന്റെ പാലം പണിയുന്നതിനും യെമനിൽ ശാശ്വത സമാധാനത്തിനുള്ള ഗൗരവപൂർണമായ ചർച്ചകൾക്കും സഹായകമാകണമെന്നാണ് പ്രത്യാശിക്കുന്നതെന്നും ജെരിമി ഹണ്ട് പറഞ്ഞു.