മനില- ഫിലിപ്പീന്‍സില്‍ മിലിറ്ററി അക്കാദമിയിലെ ഇമാമിനെ അജ്ഞാതന്‍ പട്ടാപ്പകല്‍ തെരുവില്‍ വെടിവെച്ചു കൊന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ബാഗുയോയിലെ കയാങ് സ്ട്രീറ്റിലാണ് പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കൂടിയായ ബെദായിം അബ്ദുല്ല വെടിയേറ്റു മരിച്ചു വീണത്. നഗരത്തിലെ ഒരു ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകന്‍ കൂടിയായ അബ്ദുല്ല ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് നടന്നു പോകവേ അക്രമി അദ്ദേഹത്തിനു നേരെ നാല് തവണ നിറയൊഴിക്കുകയായിരുന്നു. പിന്നീട് ഓടി രക്ഷപ്പെട്ട അക്രമിയെ തിരിച്ചറിയുന്നതിന് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, ഇയാളെ പിടികൂടുന്നതിന് ഊര്‍ജിത അന്വേഷണമാരംഭിച്ചു. അക്രമിയെ എത്രയും വേഗം പിടികൂടണമെന്ന് സിറ്റി മേയര്‍ മോറീഷ്യോ ഡൊമോഗന്‍ പോലീസിനോട് ആവശ്യപ്പെട്ടു.