റിയാദ് - യെമനിൽ ദുരിതാശ്വാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഈ വർഷാദ്യം സൗദി അറേബ്യയും യു.എ.ഇയും കൂടി നൽകിയ 100 കോടി ഡോളറിൽ 40 ശതമാനം മാത്രമാണ് ഇതുവരെ യെമനിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭാ സംഘടനകൾ വിനിയോഗിച്ചതെന്ന് യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ആലുജാബിർ പറഞ്ഞു.
ഈ മാസാദ്യത്തിൽ സൗദി അറേബ്യ യെമന് 50 കോടി ഡോളറിന്റെ അധിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ യെമൻ കേന്ദ്ര ബാങ്കിൽ 220 കോടി ഡോളറും നിക്ഷേപിച്ചിട്ടുണ്ട്. കേന്ദ്ര ബാങ്കിൽ സൗദി അറേബ്യ ഭീമമായ നിക്ഷേപം നടത്തിയതിന്റെ ഫലമായി യെമൻ റിയാലിന്റെ മൂല്യം 100 ശതമാനം ഉയർന്നിട്ടുണ്ട്. യെമനിലെ വൈദ്യുതി നിലയങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇന്ധനവും സൗദി അറേബ്യ ലഭ്യമാക്കിയിട്ടുണ്ട്.
യെമൻ വികസന, പുനർനിർമാണ പദ്ധതികൾക്ക് 2014 ൽ ഹൂത്തികൾ പ്രതിബന്ധം സൃഷ്ടിച്ചു. യെമനിൽ വികസന, പുനർനിർമാണ പദ്ധതികൾ നടപ്പാക്കുന്നതിന് സമാധാനം പുലരുന്നത് സൗദി അറേബ്യ കാത്തിരിക്കുന്നില്ല. യെമൻ വികസന, പുനർനിർമാണത്തിനുള്ള സൗദി പദ്ധതി യെമനിലെ പത്തു ഗവർണറേറ്റുകളിൽ ആരംഭിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലുമുള്ള വികസന, പുനർനിർമാണ പദ്ധതികൾ ഇവിടങ്ങളിൽ നടപ്പാക്കുന്നുണ്ടെന്നും മുഹമ്മദ് ആലുജാബിർ പറഞ്ഞു.
യെമൻ ജനതയുടെ ദുരിതങ്ങൾ അടുത്ത വർഷം കൂടുതൽ മൂർഛിക്കുമെന്നും യെമനിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമാണെന്നും യു.എൻ പ്രഖ്യാപിച്ചതിനു മറുപടിയെന്നോണമാണ് സൗദി അറേബ്യയും യു.എ.ഇയും അനുവദിച്ച ഭീമമായ സഹായ ധനത്തിന്റെ പകുതി പോലും യു.എൻ ഏജൻസികൾ ഇനിയും വിനിയോഗിച്ചിട്ടില്ലെന്ന് യെമനിലെ സൗദി അംബാസഡർ വ്യക്തമാക്കിയത്.