ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗമായ ബി.ജെ.പി വനിതാ നേതാവ് സാവിത്രി ബായ് ഫുലെ പാര്‍ട്ടി വിട്ടു. രാജ്യത്തിന്റെ പണം വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനു പകരം പ്രതിമകള്‍ നിര്‍മ്മിക്കാന്‍ ചെലവഴിക്കുകയാണെന്നും ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയാണെന്നും ആരോപിച്ചാണ് സാവിത്രി പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. ഈയിടെയായി വിമത സ്വരമുയര്‍ത്തിയ സാവിത്രി പാര്‍ട്ടിയുടെ നീക്കങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ദലിതരോട് വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു. ദലിതര്‍ക്കൊപ്പം അത്താഴം കഴിക്കുന്ന ബി.ജെ.പിയുടെ സമ്പര്‍ക്ക പരിപാടിയുടെ കടുത്ത വിമര്‍ശക കൂടിയായിരുന്നു സാവിത്രി. 'ഞാനൊരു സാമൂഹ്യ പ്രവര്‍ത്തകയാണ്. ദലിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. ദലിത് സംവരണത്തിന് വേണ്ടി ബി.ജെ.പി ഒന്നും ചെയ്യുന്നില്ല,' യുപിയിലെ ബഹ്‌റായിച് മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ അവര്‍ പറഞ്ഞു.
ഹനുമാന്‍ ദലിതാണെന്നും മനുവാദികളുടെ അടിമയാണെന്നുമുള്ള മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിന്റെ പരാമര്‍ശം ഉണ്ടാക്കിയ വിവാദത്തിലും സാവിത്ര ബായ് ഇടപെട്ട് പ്രതികരിച്ചിരുന്നു. ഹനുമാന്‍ ദലിതനും മനുഷ്യനുമായിരുന്നു. അദ്ദേഹം രാമനു വേണ്ടി എല്ലാം ചെയ്തു. പിന്നെ എന്തിനാണ് അദ്ദേഹത്തിന് ഒരു വാലും കറുപ്പിച്ച മുഖവും നല്‍കിയത്. എന്തു കൊണ്ട് ഹനുമാനെ ഒരു കുരങ്ങാക്കി? ദലിതരെ എന്തുകൊണ്ട് മനുഷ്യരായി പരിഗണിക്കുന്നില്ല?- സാവിത്രി ചോദിച്ചു. മേയില്‍ പാക്കിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയെ മഹാ പുരുഷനെന്ന് സാവിത്രി വിശേഷിപ്പച്ചതും വിവാദത്തിനിടയാക്കിയിരുന്നു.