ന്യൂദൽഹി- ആൾക്കൂട്ട കൊലപാതകത്തിനും ഹിന്ദു മുസ്ലിം വേർതിരിവിനുമെതിരെ ബുലന്ദ്ഷഹറിൽ കൊല്ലപ്പെട്ട പോലീസ് ഇൻസ്‌പെക്ടറുടെ മകൻ. ദേശീയ ചാനലായ എൻ.ഡി.ടി.വിയുടെ രവീഷ് കുമാർ ഷോയിലാണ് കൊല്ലപ്പെട്ട പോലീസ് ഇൻസ്‌പെക്ടർ സുബോധ് കുമാറിന്റെ മകൻ അഭിഷേക് സിംഗ് ഇക്കാര്യം പറഞ്ഞത്.
ഇന്ന് എന്റെ അച്ഛൻ മരിച്ചു. നാളെ ഇതിലും വലിയ ഒരു പോലീസ് ഓഫീസർ കൊല്ലപ്പെട്ടേക്കാം. കുറച്ചുദിവസം കഴിഞ്ഞ് ഒരു മന്ത്രി കൊല്ലപ്പെട്ടേക്കാം. ഇത്തരത്തിൽ ആൾക്കൂട്ട കൊലയെ തുടരാൻ അനുവദിക്കേണ്ടതുണ്ടോ. തീർച്ചയായും ഇല്ല. ഇന്ത്യയിൽ ആരും പരസ്പരം കൊല്ലാത്ത ഒരു ദിവസം വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അഭിഷേക് സിംഗ് പറഞ്ഞു. ഒരു മനുഷ്യൻ കൊല്ലപ്പെട്ടതിനേക്കാൾ പ്രാധാന്യം പശുവിനെ കൊന്നതിന് ലഭിക്കുകയാണ്. ആരാണ് പശുക്കളെ കൊന്നതെന്നും എന്തിനാണ് അവിടെ പശുവിന്റെ അവശിഷ്ടങ്ങൾ കൊണ്ടിട്ടതെന്നും പ്രത്യേക അന്വേഷണത്തിലൂടെ തെളിയും. മനപൂർവ്വം പ്രശ്‌നമുണ്ടാക്കാൻ വേണ്ടിയായിരുന്നോ ഇതെന്നും മനസിലാകും. രാജ്യത്തെ മുഴുവൻ ജനങ്ങളോടും ഹിന്ദു-മുസ്ലിം എന്ന പേരിൽ കലാപത്തിൽ ഏർപ്പെടരുതെന്നാണ് അഭ്യർഥിക്കുന്നത്. ചെറിയ പ്രകോപനമുണ്ടാകുമ്പോൾ തന്നെ ജനം രൂക്ഷമായി പ്രതികരിക്കുകയാണ്. ജനങ്ങൾ കാര്യങ്ങൾ മനസിലാക്കണമെന്നും അഭിഷേക് കുമാർ പറഞ്ഞു. നിങ്ങൾ ആദ്യന്തികമായി ഒരു നല്ല പൗരനാകാനാണ് അച്ഛൻ എപ്പോഴും ഉപദേശിച്ചിരുന്നത്. ഈ രാജ്യം നിങ്ങളുടേതാണെന്നും അച്ഛൻ പറയാറുണ്ടായിരുന്നു. എല്ലാവരും ഇത് മനസിലാക്കണമെന്ന് അപേക്ഷിക്കുന്നു- അഭിഷേക് സിംഗ് പറഞ്ഞു.