Sorry, you need to enable JavaScript to visit this website.

ബാബരി ധ്വംസനത്തിന് 26 ആണ്ട്: അയോധ്യയില്‍ കലാപത്തിനിടെ മുസ്ലിംകളെ ഹിന്ദു പുരോഹിതര്‍ രക്ഷിച്ച കഥ

അയോധ്യ- ബാബരി മസ്ജിദ് ആര്‍.എസ്.എസ്, വിശ്വ ഹിന്ദു പരിഷത്ത് കര്‍സേവകര്‍ തകര്‍ത്തു തരിപ്പണമാക്കിയിട്ട് ഇന്നേക്ക് 26 വര്‍ഷം. 1992 ഡിസംബര്‍ ആറിനായിരുന്നു ഇന്ത്യയുടെ മതേതര ചരിത്രത്തിന് തീരാകളങ്കമേല്‍പ്പിച്ച് മസ്ജിദ് തകര്‍ത്തു തരിപ്പണമാക്കപ്പെട്ടത്. ഇതിനു പിന്നാലെ മുസ്ലിംകള്‍ വ്യാപകമായി വേട്ടയാടപ്പെട്ട രൂക്ഷമായ വര്‍ഗീയ കലാപങ്ങള്‍ക്കും രാജ്യം സാക്ഷിയായി. കലാപത്തിന്റെ പ്രഭവ കേന്ദ്രമായ അയോധ്യയിലും ഗണ്യമായ മുസ്ലിം ജനസംഖ്യയുണ്ടായിരുന്നു അക്കാലത്ത്. അയോധ്യയില്‍ മുസ്ലിംകളും ഹൈന്ദവരും നൂറ്റാണ്ടുകളായി ജീവിച്ചു പോന്നത് മതസാഹോദര്യത്തിന്റേയും പാരസ്പര്യത്തിന്റേയും മഹനീയ മാതൃകയായിരുന്നു. കലാപം രൂക്ഷമായ 1992ലെ ആ കറുത്ത നാളുകളുകള്‍ പോലും ഇതിനു സാക്ഷിയാണ്. കര്‍സേവകര്‍ മുസ്ലിം വിടുകള്‍ തെരഞ്ഞു പിടിച്ച് ആക്രമിക്കാനെത്തിയപ്പോള്‍ അയല്‍ക്കാരായ മുസ്ലിംകളെ രക്ഷിക്കാന്‍ മുന്നിലുണ്ടായിരുന്നത് അയോധ്യയിലെ ഹൈന്ദവ സഹോദരങ്ങളും ക്ഷേത്രങ്ങളും അവിടങ്ങളിലെ പുരോഹിതരുമായിരുന്നു. ക്ഷേത്ര നഗരിയെന്നറിയപ്പെടുന്ന അയോധ്യയില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവിടൊയൊക്കെ മുസ്ലിംകള്‍ക്ക് അഭയം നല്‍കുകയാണ് നാട്ടുകാര്‍ ചെയ്തത്. കലാപകാരികളായ ഹിന്ദുത്വ കര്‍സേവകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരായിരുന്നു.

തങ്ങളുടെ മുന്‍ തലമുറയും മുതിര്‍ന്നവരും പങ്കുവച്ച ആ ഹൃദ്യമായ പാരസ്പര്യത്തിന്റെ കഥ അയോധ്യക്കാര്‍ ഇന്നു ഓര്‍ക്കുന്നുണ്ട്. അക്കാലത്ത് 4500ഓളം മുസ്ലിംകളാണ് അയോധ്യയിലുണ്ടായിരുന്നത്. അയോധ്യക്കാരനായ എഴുത്തുകാരന്‍ അനുരാഗ് ശുക്ലയും ആ ദിനങ്ങളിലെ ഓര്‍മകള്‍ പങ്കുവച്ചു. 'ആക്രമോത്സുകരായ ആള്‍ക്കൂട്ടം മുസ്ലിംകളുടെ വീടുകള്‍ തിരക്കി എത്തിയപ്പോള്‍ നാട്ടിലെ മുതിര്‍ന്നവരായ രാം ചന്ദ്ര മിശ്ര, രാം ശങ്കര്‍ ശുക്ല, കെ.സി ശ്രീവാസ്തവ എന്നിവര്‍ ചേര്‍ന്ന അവരെ തടഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഇവിടുത്തെ മുസ്ലിംകളുമായുള്ള തങ്ങളുടെ ഊഷ്മള ബന്ധം തലമുറകള്‍ പഴക്കമുള്ളതാണ്. അത് അപകടപ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ഇവര്‍ തീര്‍ത്തു പറഞ്ഞു. ആക്രമികളുടെ ഭീഷണികള്‍ക്കു മുമ്പില്‍ ഇവര്‍ ചെറുത്തു നിന്നു. ഒടുവില്‍ കര്‍സേവകര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു,' അദ്ദേഹം പറയുന്നു. 

ഹനുമാന്‍ഗഡി ക്ഷേത്രത്തിലെ സന്യാസിമാരും പുരോഹിതരും മുസ്ലിംകള്‍ക്ക് അഭയം നല്‍കുകയും ക്ഷേത്രത്തില്‍ സംരക്ഷിക്കുകയും ചെയ്ത അനുഭവമാണ് അയോധ്യ മുസ്ലിം വെല്‍ഫയല്‍ സൊസൈറ്റി അധ്യക്ഷനായ സാദിഖ് അലിക്ക് പറയാനുള്ളത്. നിരവധി മുസ്ലിംകള്‍ രക്ഷപ്പെടാനായി അഭയം തേടിയത് ക്ഷേത്രങ്ങളിലായിരുന്നു. അവരെയെല്ലാം രക്ഷിച്ചത് പുരോഹിതരാണ്. അയോധ്യയില്‍ സമാധാനന്തരീക്ഷം തിരിച്ചെത്തുന്നതുവരെ അവര്‍ മുസ്ലിംകള്‍ക്ക് സംരക്ഷണം നല്‍കി- സാദിഖ് അലി പറഞ്ഞു.

അയോധ്യയിലെ രാജ്ഘട്ട്, മിരാപൂര്‍, ബുലന്ദി, ദൊറാഹി കുവാന്‍ എന്നിവിടങ്ങളിലെ നിരവധി മുസ്ലിം കുടുംബങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായി. നിരവധി പേര്‍ക്ക് താന്‍ അഭയം നല്‍കിയിരുന്നെന്ന് തോട്ടക്കാരനായ പരാഗ് ലാല്‍ യാദവ് പറയുന്നു. ഞങ്ങള്‍ ഒരു മനുഷ്യകവചം തീര്‍ത്താണ് മുസ്ലിം അയല്‍ക്കാര്‍ക്ക് സുരക്ഷ ഒരുക്കിയത്. മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് ഒരു കലാപകാരി എന്റെ തലയ്ക്കടിച്ചിരുന്നു. എങ്കിലും ഞങ്ങള്‍ നിരവധി ജീവനുകളെ രക്ഷിക്കുന്്‌നതില്‍ വിജയിച്ചു- യാദാവ് ഓര്‍ക്കുന്നു. അയല്‍ക്കാരായ റംസാന്‍ അലിയേയും ഭാര്യയേയും അവരുടെ പിഞ്ചു കുഞ്ഞിനേയും രക്ഷിച്ച സംഭവം യാദവിന്റെ മകന്‍ അജയ് ഓര്‍ത്തെടുത്തു. കലാപകാരികള്‍ റംസാനേയും ഭാര്യയേയും ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കയ്യിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞ് വഴിയില്‍ വീണു. പിന്നാലെ വന്ന ആള്‍ക്കൂട്ടം കുഞ്ഞിനെ എടുത്ത് തീയിലെറിയാന്‍ ശ്രമിക്കുകയായിരുന്നു. കുഞ്ഞ് എന്റേതാണെന്നു പറഞ്ഞ് അവരില്‍ നിന്നും പിടിച്ചു വാങ്ങി രക്ഷിച്ചു. റംസാനും ഭാര്യയും ഞങ്ങളുടെ വീട്ടിലാണ് രക്ഷപ്പെട്ടെത്തിയത്- അയജ് പറയുന്നു.

കടപ്പാട്- അര്‍ഷദ് അഫ്‌സല്‍ ഖാന്‍, ടി.ഒ.ഐ
 

Latest News