ന്യൂദല്‍ഹി- പോര്‍വിമാന അഴിമതി ഉയര്‍ത്തിക്കാട്ടി തലവേദനയുണ്ടാക്കുന്ന കോണ്‍ഗ്രസിനെ ഹെലികോപ്റ്റര്‍ അഴിമതിക്കേസുമായി നേരിടാനൊരുങ്ങിയിരിക്കുകയാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ക്രിസ്റ്റിന്‍ ജെയിംസ് മിഷേല്‍ എന്ന ഒരു ബ്രിട്ടീഷുകാരന്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കാന്‍ മോഡിക്ക് മികച്ച അവസരം ഒരുക്കിയത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വി.പി.ഐ.പികള്‍ക്ക് സഞ്ചരിക്കാനുള്ള മികച്ച ഹെലികോപ്റ്റര്‍ വാങ്ങിയ അഗസറ്റ വെസ്റ്റ്‌ലാന്‍ഡ് കരാറിലെ ഇടനിലക്കാരനാണ് മിഷേല്‍. ഈ ഇടപാട് അഴിമതിക്കേസായതോടെ പ്രതിയുമായി. ദുബായിലായിരുന്ന മിഷേലിനെ കുറ്റവാളി കൈമാറ്റക്കരാറിന്റെ അടിസ്ഥാനത്തില്‍ യുഎഇ ഇന്ത്യയക്കു വിട്ടു നല്‍കി. ചൊവ്വാഴ്ച രാത്രി ഇന്ത്യയിലെത്തിച്ച മിഷേലിനെ കഴിഞ്ഞ ദിവസം കോടതി അഞ്ചു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് ഈ അഴിമതിക്കേസ് അന്വേഷിക്കുന്നത്.
കോപ്റ്റര്‍ ഇടപാടില്‍ മിഷേലിന്റെ പങ്ക്
വി.പി.ഐ.പി കോപ്റ്റര്‍ വാങ്ങാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ കരാര്‍ സ്വന്തമാക്കുന്നതിന് രാഷ്ട്രീയ നേതാക്കളേയും ഉദ്യോഗസ്ഥരേയും മാധ്യമപ്രവര്‍ത്തകരേയും സ്വാധീനിക്കാന്‍ ബ്രിട്ടീഷ് കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് നിയോഗിച്ച ഇടനിലക്കാരനാണ് മിഷേല്‍ എന്ന് സി.ബി.ഐ പറയുന്നു. മിഷേലും മറ്റു ഇടനിലക്കാരായ കാര്‍ലോ ഗെറോസ, ഗിഡോ ഹഷ്‌കെ എന്നിവരും ചേര്‍ന്ന് രാഷ്ട്രീയക്കാര്‍ക്കും മറ്റും കോടികള്‍ കോഴ നല്‍കിയെന്നാണ് കേസ്. ആയുധ ഇടപാടുകളില്‍ ഇടനിലക്കാരുടെ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് മിഷേലിന്റേത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ മാതൃകമ്പനിയായ ഇറ്റലിയിലെ ഫിന്‍മെക്കാനിക്കയില്‍ നിന്നും 295 കോടി രൂപ മിഷേലിന്റെ സ്ഥാപനം കൈപ്പറ്റിയെന്ന് സി.ബി.ഐ പറയുന്നു. 1970കളിലും 80കൡലും ഇന്ത്യയുമായി നിരവധി ആയുധ ഇടപാടുകളില്‍ പങ്കുള്ള വോഫ്ഗാംഗ് മിഷേല്‍ ആണ് ക്രിസ്റ്റിന്‍ മിഷേലിന്റെ പിതാവ്.
മിഷേലിനെ കുരുക്കിയത് ഡയറിക്കുറിപ്പ്
2012-ല്‍ സ്വിസ് അധികൃതല്‍ ഗിഡോ ഹഷകെയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ഒരു ഡയറിയാണ് പിന്നീട് കോപ്റ്റര്‍ ഇടപാടില്‍ മിഷേലിനു കുരുക്കായത്. ഈ കൈയെഴുത്ത് ഡയറിയില്‍ ചില പേരുകളുടെ ചുരുക്കെഴുത്തുകളും തുകകളുമായിരുന്നു ഉണ്ടായിരുന്നത്. ഈ ഡയറി എഴുതിയത് താനാണെങ്കിലും ക്രിസ്റ്റിന്‍ മിഷേലിന്റെ നിര്‍ദേശങ്ങളായിരുന്നു ഉള്ളടക്കമെന്ന് ഹഷ്‌കെ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു. ഈ ഡയറിയില്‍ പരാമര്‍ശിക്കുന്ന 'ഫാമിലി' നെഹ്്‌റു ഗാന്ധി കുടുംബമാണന്നും എ.പി എന്ന ചുരുക്കെഴുത്ത് കോണ്‍ഗ്രസ് നേതാവും ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുളളയാളുമായ അഹമദ് പട്ടേല്‍ ആണെന്നും അന്ന് പ്രതിപക്ഷമായ ബി.ജെ.പി ആരോപിച്ചിരുന്നു.
ഇന്ത്യയിലെത്തിച്ചത് 'നല്ല സമയത്ത്'
ഒടുവില്‍ മിഷേലിനെ ഇന്ത്യയിലെത്തിക്കാനായത് സര്‍ക്കാരിന്റെ വലിയ വിജയമായാണ് പ്രധാനമന്ത്രി മോഡി അവതരിപ്പിച്ചത്. ഇതു പരാമര്‍ശിച്ച് തെരഞ്ഞെടുപ്പ് റാലികളില്‍ മോഡി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ലോക്്‌സഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ റഫാല്‍ പോര്‍വിമാനക്കരാറില്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപിക്കുന്ന കോണ്‍ഗ്രസിനെതിരെ പയറ്റാന്‍ ബി.ജെ.പിക്ക് ലഭിച്ച മികച്ച അഴിമതിക്കേസായി യുപിഎ കാലത്തെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് മാറിയിരിക്കുകയാണ്.
അതേസമയം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകള്‍ ഹഷ്‌ക്കെ കെട്ടച്ചമച്ചതാണെന്നും യു.പി.എ നേതാക്കള്‍ക്ക് ഈ ഇടപാടുമായി ഒരു ബന്ധവുമില്ലെന്നാണ് മിഷേല്‍ പറയുന്നത്. ആറു വര്‍ഷത്തിനു ശേഷം കസ്റ്റഡിയില്‍ ലഭിച്ച സി.ബി.ഐ മിഷേലിനെ ചോദ്യം ചെയ്ത് വെള്ളംകുടിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. ഇന്ത്യയിലെത്തിച്ച ഉടന്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം വരെ മിഷേല്‍ രണ്ടു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
അഴിമതിക്കഥയിലെ ട്വിസ്റ്റ് ഇതാണ്
മിഷേല്‍ നിലപാടു മാറ്റിയാല്‍ അത് കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തെ നേരിട്ട് ബാധിക്കും. സോണിയാ ഗാന്ധിയെ ഉന്നം വച്ചാണ് സര്‍ക്കാരിന്റെ നീക്കങ്ങളെന്ന് കോണ്‍ഗ്രസും ആരോപിച്ചിട്ടുണ്ട്. മോഡിയുടെ പ്രസംഗങ്ങളിലും ഇതു വ്യക്തമാണ്. എന്നാല്‍ ഈ കഥയില്‍ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. അതും മിഷേല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സോണിയാ ഗാന്ധിക്കെതിരെ കുറ്റാരോപണം നടത്താന്‍ തനിക്ക് ഒരു ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നാണ് അത്. മിഷേല്‍ ഇത് നേരത്തെ തന്നെ വെളിപ്പെടുത്തിയതാണ്.