ന്യൂദല്‍ഹി- കടക്കെണിയിലായ ഇന്ത്യന്‍ വിമാനക്കമ്പനി ജെറ്റ് എയര്‍വേസിനെ രക്ഷിക്കാനുള്ള മാര്‍ഗം തേടി ഇത്തിഹാദ് എയര്‍വേസ്. ജെറ്റ് എയര്‍വേസുമായും ബാങ്കുകളുമായും ഇത്തിഹാദ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ആരംഭിച്ചു. ജെറ്റ് നേരിടുന്ന പ്രതിസന്ധിയെ കുറിച്ചും ഭാവി ബിസിനസ് പദ്ധതികളെ കുറിച്ചും ഇരു വിമാന കമ്പനികളിലേയും ഉദ്യോഗസ്ഥര്‍ മുംബൈയില്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ജെറ്റില്‍ ഇത്തിഹാദിന് 24 ശതമാനം ഓഹരികളുണ്ട്. തങ്ങള്‍ മുന്നോട്ടുവെച്ച ഘടന അംഗീകരിക്കുകയാണെങ്കില്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ഇത്തിഹാദ് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കരാറിന് അന്തിമ രൂപമായിട്ടില്ല.
25 വര്‍ഷം പഴക്കമുള്ള ജെറ്റ് പലവിധ പ്രതിസന്ധികള്‍ നേരിടുകയാണ്. കടബാധ്യത കൂടിയതു കാരണം പൈലറ്റുമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ശമ്പളം മുടങ്ങി. ലാഭകരമല്ലാത്ത റൂട്ടുകളിലെ സര്‍വീസുകള്‍ ക്യാന്‍സല്‍ ചെയ്ത് ബാധ്യക കുറക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
2013 ലാണ് ജെറ്റിനെ രക്ഷിക്കാനായി ഇത്തിഹാദ് 24 ശതമാനം ഓഹരികള്‍ വാങ്ങിയത്. ഇപ്പോള്‍ പ്രതിസന്ധി കൂടുതല്‍ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.