ടൊറന്റോ- ചൈനീസ് ടെക്ക് ഭീമനും ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി ഹുവാവെയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഡെപ്യൂട്ടി ചെയര്‍വിമണുമായ വാന്‍ഷു മെങ് കാനഡയില്‍ അറസ്റ്റിലായി. ഇറാനു മേലുള്ള യുഎസ് ഉപരോധം ലംഘിച്ച് അവിടേക്ക് നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തതിനാണ് അറസ്റ്റെന്നാണ് വിവരം. യുഎസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് ആരോപണമുണ്ട്. കാനഡ ഇവരെ താമസിയാതെ യുഎസിനു കൈമാറിയേക്കും. സംഭവം ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. മെങിന്റെ അറസ്റ്റ് ചൈനയും യുഎസും തമ്മിലുള്ള, ഇതുവരെ തീര്‍പ്പാകാത്ത വ്യാപാര ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
മുന്‍ ചൈനീസ് സൈനിക എഞ്ചിനീയറും ഹുവാവെ സ്ഥാപകനുമായ റെന്‍ ഷെങ്‌ഫെയിയുടെ മകള്‍ കൂടിയാണ് മെങ്. അറസറ്റ് വിവരം പുറത്തു വന്നതോടെ കാനഡയിലെ ചൈനീസ് എംബസി പ്രതിഷേധമറിയിച്ച് രംഗത്തെത്തി. കാനഡയും യുഎസും തെറ്റു തിരുത്തി മെങിനെ മോചിപ്പിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. എന്നാല്‍ മെങിനെ യുഎസിനു കൈമാറുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നതായി കാനഡ അധികൃതര്‍ അറിയിച്ചു.
ഡിസംബര്‍ ഒന്നിനാണ് മെങിനെ അറസ്റ്റ് ചെയ്തത്. ഇറാനിലേക്കുള്ള കയമറ്റുമതിക്ക് യുഎസിന്റെ ഉപരോധം നിലനില്‍ക്കെ ഹുവാവെ ഇറാനിലേക്ക് നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ടോ എന്നതു സംബന്ധിച്ച് യുഎസ് ഏപ്രിലില്‍ അന്വേഷണം തുടങ്ങിയിരുന്നു. അതേസമയം മെങിന്റെ അറസ്റ്റിനെ കുറിച്ച് യുഎസ് ഔദ്യാഗികമായി പ്രതികരിച്ചിട്ടില്ല. മെങിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് യുഎസിനു വേണ്ടിയാണെന്നും അവരെ യുഎസിലേക്ക് കൊണ്ടു പോയേക്കുമെന്നും ഹുവാവെ പ്രതികരിച്ചു. മെങിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെ കുറിച്ച് അറിയില്ലെന്നും കമ്പനി പറഞ്ഞു. അറസ്റ്റ് സംബന്ധിച്ച് തങ്ങള്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മെങ് എന്തെങ്കിലും തെറ്റ് ചെയ്തതായും അറിയില്ലെന്നും കുറിപ്പില്‍ കമ്പനി വ്യക്തമാക്കി.