റിയാദ് - വ്യാജ സ്‌പെയർപാർട്‌സ് ശേഖം വാണിജ്യ, നിക്ഷേപ മന്ത്രാലയം പിടിച്ചെടുത്തു. ഊർജിതമായ അന്വേഷണം നടത്തി, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായും സുരക്ഷാ വകുപ്പുകളുമായും സഹകരിച്ച് ഗോഡൗൺ റെയ്ഡ് ചെയ്താണ് അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള ഓയിൽ, എയർ ഫിൽറ്റർ ശേഖരം വാണിജ്യ, നിക്ഷേപ മന്ത്രാലയം പിടിച്ചെടുത്തത്. 29,000 ലേറെ വ്യാജ സ്‌പെയർ പാർട്‌സ് ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തു.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്‌പെയർ പാർട്‌സ് അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള പേക്കറ്റുകളിലും കവറുകളിലും നിറച്ച് വിതരണം ചെയ്യുന്ന സ്ഥാപനത്തെ കുറിച്ച് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു.
വാഹനങ്ങളിൽ ഉപയോഗിക്കുന്ന 29,200 വ്യാജ ഓയിൽ ഫിൽറ്ററുകളും എയർ ഫിൽറ്ററുകളും കണ്ടെത്തി. വ്യാജ സ്‌പെയർ പാർട്‌സ് നിറക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള 3,82,000 ലേറെ കാർട്ടണുകളും സ്റ്റിക്കറുകളും സ്ഥാപനത്തിൽ കണ്ടെത്തി.
ഉലയ്യ ഡിസ്ട്രിക്ടിൽ ടോണറുകളിൽ മഷി നിറക്കുന്ന മറ്റൊരു കേന്ദ്രവും വിവിധ വകുപ്പുകൾ സഹകരിച്ച് കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തു. ഇവിടെ വ്യാജ ടോണറുകളുടെ വൻ ശേഖരം കണ്ടെത്തി. ഏഷ്യൻ വംശജനാണ് ഈ സ്ഥാപനം നടത്തിയിരുന്നത്.
അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള 9,000 ലേറെ ടോണറുകളും ടോണറുകളിൽ മഷി നിറക്കുന്നതിനുള്ള ഉപകരണങ്ങളും സ്ഥാപനത്തിൽ കണ്ടെത്തി. ഈ സ്ഥാപനം വിദേശി ബിനാമിയായി നടത്തുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരു കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡുകൾക്കിടെ 26 വിദേശ തൊഴിലാളികൾ പിടിയിലായി.
ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിന് ഇവരെ പിന്നീട് സുരക്ഷാ വകുപ്പുകൾക്ക് കൈമാറി. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് ഇരു സ്ഥാപനങ്ങളുടെയും നിയമാനുസൃത ഉടമകളെ ചോദ്യം ചെയ്യുന്നതിനു വേണ്ടി വാണിജ്യ, നിക്ഷേപ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.