റിയാദ് - സഖ്യസേനയുടെ സൈനിക നടപടികൾ സ്വീഡനിലെ സമാധാന ചർച്ചയിൽ പങ്കെടുക്കുന്നതിന് ഹൂത്തികളെ നിർബന്ധിതരാക്കിയതായി അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. നിരവധി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൈനിക നടപടിയിലൂടെ സഖ്യസേനക്ക് സാധിച്ചിട്ടുണ്ട്.
ഇറാൻ പിന്തുണയുള്ള ഹൂത്തികളെ സമാധാന ചർച്ചയിൽ പങ്കെടുക്കുന്നതിനും അന്താരാഷ്ട്ര തീരുമാനങ്ങൾ പാലിക്കുന്നതിനും നിർബന്ധിതരാക്കിയത് സഖ്യസേനയുടെ നേട്ടമാണ്. യെമനിൽ രാഷ്ട്രീയ പരിഹാരത്തിന് സഖ്യസേന പ്രതിജ്ഞാബദ്ധമാണ്. യു.എൻ രക്ഷാ സമിതി 2216-ാം നമ്പർ പ്രമേയത്തിന് അനുസൃതമായി, യെമനിലെ സുരക്ഷാ ഭദ്രതയും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സമഗ്ര സമാധാനത്തിലേക്ക് എത്തിച്ചേരുന്നതിൽ യു.എൻ ദൂതന്റെ കാർമികത്വത്തിൽ സ്വീഡനിൽ നടക്കുന്ന സമാധാന ചർച്ചകൾ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ഹൂത്തികളും നിയമാനുസൃത യെമൻ ഗവൺമെന്റ് പ്രതിനിധികളും തമ്മിലുള്ള പരോക്ഷ ചർച്ചകൾക്ക് ഇന്ന് സ്വീഡനിൽ തുടക്കമാകും. ഹൂത്തി പ്രതിനിധികൾ ചൊവ്വാഴ്ച സ്വീഡനിലെത്തിയിട്ടുണ്ട്. നിയമാനുസൃത യെമൻ ഗവൺമെന്റ് പ്രതിനിധികൾ ഇന്നലെ രാവിലെയാണ് സ്വീഡിൽ എത്തിച്ചേർന്നത്.