Sorry, you need to enable JavaScript to visit this website.

സിനിമയിൽ നിന്ന് വിരമിച്ച്  ഉലകനായകൻ രാഷ്ട്രീയത്തിൽ സജീവമാകുന്നു 

ചെന്നൈ- ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച് ചരിത്രമെഴുതിയ സിനിമയാണ് 1996ൽ പുറത്തിറങ്ങിയ ശങ്കറിന്റെ ഇൻഡ്യൻ. ഉലകനായകൻ കമൽ ഹാസൻ ഇരട്ട വേഷത്തിൽ അഭിനയിച്ച ഈ സിനിമ പ്രേക്ഷകരെ മാത്രമല്ല അഴിമതിയുടെ ദുർഗന്ധം പടർന്ന രാഷ്ട്രീയ മേഖലയെയും അമ്പരപ്പിച്ചിരുന്നു.
അഴിമതിക്കെതിരെ പുതിയ കാലത്ത് ചൂലെടുത്ത് പോരാടിയാണ് ദൽഹി ഭരണം അരവിന്ദ് കെജ്‌രിവാൾ പിടിച്ചതെങ്കിൽ ഇതേ അഴിമതിക്കാർക്കെതിരെ കത്തിയെടുത്താണ് 96ൽ ഇൻഡ്യൻ സിനിമയിലെ സ്വാതന്ത്ര്യ സമര സേനാനി സേനാപതി പോരാട്ടം നടത്തിയിരുന്നത്.
അഴിമതി കാട്ടിയ മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗസ്ഥനായ സ്വന്തം മകനെ വരെ കൊന്നു തള്ളുന്ന സേനാപതി പ്രേക്ഷകരെ ഒരേ സമയം ഞെട്ടിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്ത കഥാപാത്രമാണ്.
മകൻ കൈക്കൂലി വാങ്ങി നൽകിയ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിരത്തിലിറങ്ങിയ സ്‌കൂൾ ബസ് അപകടത്തിൽപെട്ട് കുട്ടികൾ കൂട്ടത്തോടെ പിടഞ്ഞു മരിച്ചപ്പോഴാണ് മകനെതിരെ സേനാപതി തന്നെ കത്തി വീശിയത്.
മകനായും പിതാവായ സേനാപതിയായും തകർത്ത് അഭിനയിച്ച കമൽ പ്രേക്ഷകരുടെ സിരകളിൽ വലിയ അഗ്‌നിയാണ് പടർത്തിയത്. സിനിമ പുറത്തിറങ്ങിയതിനെ തുടർന്ന് സേനാപതിയുടെ വേഷങ്ങൾ അനുകരിച്ച് തമിഴകത്തെ തെരുവീഥികളിൽ യുവാക്കൾ രംഗത്തിറങ്ങിയത് അക്കാലത്ത് മാധ്യമങ്ങളിലും ചൂടുള്ള വാർത്തയായിരുന്നു. സർക്കാർ ഓഫീസുകളിൽ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത ജനങ്ങൾ കായികമായി തന്നെ അവരെ കൈകാര്യം ചെയ്യുന്ന അവസ്ഥയും സിനിമ ഉണ്ടാക്കി. അത്രയധികം തമിഴകത്തെ സ്വാധീനിച്ച സിനിമ ആയിരുന്നു ഇൻഡ്യൻ. കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലും ഈ സിനിമ സൂപ്പർ ഹിറ്റായിരുന്നു.
ഇൻഡ്യൻ പുറത്തിറങ്ങി 22 വർഷത്തിനു ശേഷവും രാജ്യത്ത് അഴിമതിയുടെ കാര്യത്തിൽ ഒരു കുറവും വന്നിട്ടില്ലെന്ന് ഓർക്കുമ്പോഴാണ് വീണ്ടും ഇൻഡ്യൻ-2 വിൽ സേനാപതിയായി കമൽ ഹാസൻ അവതരിക്കാൻ പോകുന്നത്. സോഷ്യൽ മീഡിയ ഏറ്റവും ശക്തമായ പുതിയ കാലത്ത് സേനാപതിയായി അവതരിച്ചാൽ അത് രാഷ്ട്രീയപരമായി തനിക്ക് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കമലിന്റെ നീക്കം.
മക്കൾ നീതിമയ്യം എന്ന പേരിൽ സ്വന്തമായി പാർട്ടി രൂപീകരിച്ച കമൽ ഹാസൻ, വരുന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാ സീറ്റിലും തമിഴകത്ത് തന്റെ പാർട്ടി മത്സരിക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഇഷ്ടപ്പെടുന്ന കമലിന് സി.പി.എമ്മും ആം ആദ്മിയും ഉൾപ്പെടെ ഒരു മുന്നണി സംവിധാനത്തോടാണ് താൽപര്യം.
സിനിമയും രാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന തമിഴകത്ത് സിനിമാ താരങ്ങളായി വന്ന് മുഖ്യമന്ത്രിമാരായി തമിഴക മനം കീഴടക്കിയ എം.ജി.രാമചന്ദ്രനും ജയലളിതക്കും പിൻഗാമിയായി അവതരിക്കാൻ കമൽ മാത്രമല്ല മറ്റു സൂപ്പർ താരങ്ങളും ഇപ്പോൾ അണിയറയിൽ റെഡിയായിട്ടുണ്ട്. കമലിനു പിന്നാലെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച പ്രധാന താരം സൂപ്പർ സ്റ്റാർ രജനീകാന്താണ്. സർക്കാർ സിനിമയിലൂടെ ദളപതി വിജയ്‌യും രാഷ്ട്രീയ മോഹം വ്യക്തമാക്കി കഴിഞ്ഞു. നടൻ അജിത്തിനു മേൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ സമ്മർദവും ശക്തമായി വരികയാണ്.
സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും താര യുദ്ധത്തിനുള്ള അരങ്ങൊരുങ്ങുന്ന സാഹചര്യത്തിലാണ് സേനാപതി എന്ന വജ്രായുധം ഉപയോഗിച്ച് കമൽ രംഗപ്രവേശം ചെയ്യാൻ ഒരുങ്ങുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇൻഡ്യൻ-2 റിലീസ് ചെയ്യണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. തമിഴക മുഖ്യമന്ത്രിപദം സ്വപ്‌നം കാണുന്ന രജനീകാന്തിന് 2.0 എന്ന സൂപ്പർ ഹിറ്റ് സിനിമ ഇപ്പോൾ സമ്മാനിച്ച സംവിധായകൻ ശങ്കർ തന്നെയാണ് ഇൻഡ്യനിലെ സേനാപതിയുടെ കത്തിയുടെ മൂർച്ചയും കൂട്ടുന്നത്. ഇൻഡ്യൻ സിനിമയിൽ ക്ലൈമാക്‌സിൽ കൊല്ലപ്പെട്ടെന്ന് കരുതിയ സേനാപതിയെ പിന്നീട് ജീവിച്ചിരിക്കുന്നതായി ശങ്കർ ചിത്രീകരിച്ചത് തന്നെ ഇൻഡ്യൻ-2 വിനുള്ള സാധ്യത മുൻനിർത്തിയായിരുന്നു.
പുതിയ കാലത്ത് പൊതുസമൂഹത്തിൽ വലിയ പ്രതിഫലനം ഉണ്ടാക്കാൻ കഴിയുന്ന തരത്തിൽ കരുത്തനായി ആയിരിക്കും സേനാപതി അവതരിക്കുക എന്നാണ് ഈ സൂപ്പർ സംവിധായകൻ വ്യക്തമാക്കുന്നത്. രജനിയുടെ 2.0 നിർമിച്ച ലൈക്ക പ്രൊഡക്ഷൻസ് തന്നെയാണ് ഇൻഡ്യൻ-2 വും നിർമിക്കുന്നത്. സംഗീത സംവിധാനം എ.ആർ.റഹ്മാനാണ് നിർവഹിക്കുന്നത്. തമിഴക രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കാൻ വരുന്ന ഇൻഡ്യൻ-2 വിനെ തമിഴകത്തെ രാഷ്ട്രീയ പാർട്ടികൾ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

 

Latest News