Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശ് വോട്ടെടുപ്പിൽ തിരിമറി  നടന്നുവെന്ന് ആരോപണം

  • പോസ്റ്റൽ ബാലറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ 

ഭോപാൽ - മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിമറി നടന്നെന്ന ആരോപണം വ്യാപകമാവുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നെന്ന ആരോപണമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ കോൺഗ്രസ് ഉന്നയിച്ചത്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. 
മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ, മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരാതി നൽകിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നുവെന്ന പരാതിക്ക് പിന്നാലെയാണ് പോസ്റ്റൽ ബാലറ്റുകൾ പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇ.വി.എമ്മിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് മധ്യപ്രദേശിൽ പോസ്റ്റൽ ബാലറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. 
പോലീസ് കാന്റീന് സമീപത്താണ് പോസ്റ്റൽ ബാലറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാർക്ക് വേണ്ടി എത്തിച്ച പോസ്റ്റൽ ബാലറ്റുകളാണ് കാന്റീന് സമീപത്ത് കണ്ടെത്തിയത്. നവംബർ 18 നായിരുന്നു ഭോപാലിൽ പോസ്റ്റൽ ബാലറ്റ് വഴിയുള്ള തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണെൽ നടക്കുന്ന ഡിസംബർ പതിനൊന്നിനകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ എത്തിക്കേണ്ടതാണ് ഈ ബാലറ്റ് പേപ്പറുകൾ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്കായി 4000 ത്തോളം ബാലറ്റ് പേപ്പറുകളാണ് ഇവിടേക്ക് എത്തിച്ചിരുന്നത്. കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. സംഭവം അറിഞ്ഞതോടെ കാന്റീനിൽ എത്തിയപ്പോൾ പോസ്റ്റൽ ബാലറ്റുകളുടെ എൻവലപ്പുകൾ കാന്റീനിന്റെ പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടു. ഇതിനു പുറമെ 250 ലധികം എൻവലപ്പുകൾ കൂടി കെട്ടിടത്തിനകത്ത് കിടക്കുന്നത് കണ്ടതായി കോൺഗ്രസ് നേതാവ് കൃഷ്ണ ഖട്ടകെ പറഞ്ഞു. 
വഴിയിൽ നിന്ന് കണ്ടെടുത്ത എൻവലപ്പുകൾ തുറന്നു കിടക്കുകയായിരുന്നെന്ന് ഭോപാൽ സൗത്ത് വെസ്റ്റ് കോൺഗ്രസ് സ്ഥാനാർഥി പി.സി ശർമ്മയും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. ഭോപാൽ ജില്ലാ കലക്ടറും ജില്ലാ റിട്ടേണിങ് ഓഫീസർ സുധാമ ഖാദെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നുവെന്ന് പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനിടെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂമിലെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തന രഹിതമായ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് തുറന്ന് സമ്മതിക്കേണ്ടി വന്നിരുന്നു. വെള്ളിയാഴ്ച രാവിലെ 8.19 മുതൽ 9.35 വരെ ഭോപാലിലെ സ്‌ട്രോങ് റൂമിലെ സി.സി.ടി.വി ക്യാമറകളും സ്‌ട്രോങ് റൂമിന് പുറത്തു സ്ഥാപിച്ചിട്ടുള്ള എൽ.ഇ.ഡി സ്‌ക്രീനും പ്രവർത്തിച്ചിരുന്നില്ലെന്നാണ് കലക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ട്. 
ക്യാമറയും സ്‌ക്രീനും പ്രവർത്തന രഹിതമാകാൻ കാരണം വൈദ്യുതി തടസ്സപ്പെട്ടതാണെന്നാണ് വിശദീകരണം. വൈദ്യുതി തടസ്സപ്പെടാതിരിക്കാൻ ഇൻവെർട്ടറും ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് സ്‌ട്രോങ് റൂമിൽ എത്തിയത്. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു വോട്ടിങ് യന്ത്രങ്ങൾ കൊണ്ടുപോയിരുന്നത്. അധികമായി കരുതിയ വോട്ടിങ് യന്ത്രങ്ങളാണ് ഇവ. വോട്ടിങ്ങിന് ഉപയോഗിക്കാത്ത യന്ത്രങ്ങളായതിനാൽ അട്ടിമറി പ്രശ്‌നങ്ങളില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള ഭോപാലിലെ സ്‌ട്രോങ് റൂമിന് പുറത്ത് കോൺഗ്രസിന്റേയും ആംആദ്മി പാർട്ടിയുടേയും പ്രവർത്തകർ കാവൽ തുടരുന്നുണ്ട്.

Latest News